ദിലീഷ് പോത്തന്റെ ‘ജോജി’യെ അഭിനന്ദിച്ച് അമേരിക്കൻ വാരിക

June 3, 2021
joji

മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച ജോജി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കാലത്ത് ഒരുക്കിയ ചിത്രം കൊവിഡ് സാഹചര്യത്തെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേർ എത്തിയിരുന്നു. ഇപ്പോഴിതാ അമേരിക്കയിൽ നിന്നും സിനിമയ്ക്കും സംവിധായകനും ലഭിച്ച അഭിനന്ദനമാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധ നേടുന്നത്.

അമേരിക്കൻ വാരികയായ ദി ന്യൂയോർക്കറിലാണ് ചിത്രത്തിനെ പ്രകീർത്തിച്ചുകൊണ്ട് എഴുതിയിരിക്കുന്നത്. സിനിമ നിരൂപകനും മാധ്യമപ്രവർത്തകനുമായ റിച്ചാർഡ് ബ്രാഡിയാണ് സിനിമയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. പിതാവിന്റെ മരണാന്തര ചടങ്ങുകൾ നടക്കുമ്പോൾ മാസ്‌ക് ധരിക്കാൻ ഫഹദ് ഫാസിലിനോട് ആവശ്യപ്പെടുന്ന ഉണ്ണിമായയെ സിനിമയിൽ കാണുന്നുണ്ട്. ഈ സംഭവത്തെയും ബ്രാഡിയുടെ കുറിപ്പിൽ എടുത്തുപറയുന്നുണ്ട്. ഒപ്പം സിനിമയുടെ രചനാ രീതിയെക്കുറിച്ചും കുറിപ്പിൽ എടുത്തുപറയുന്നുണ്ട്.

Read also: ഇതൊക്കെ സിംപിൾ അല്ലേ; ഓർമ്മശക്തികൊണ്ട് അത്ഭുതപ്പെടുത്തി രണ്ടര വയസുകാരി, മനഃപാഠമാക്കിയത് 200- ലധികം രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും

കൊവിഡ് സൃഷ്‌ടിച്ച പ്രതിസന്ധി ഘട്ടത്തിലാണ് ജോജി പ്രേക്ഷകരിലേക്കെത്തിയത്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ജോജി. ഫഹദിനൊപ്പം ബാബുരാജ്, ഉണ്ണിമായ, പിഎന്‍ സണ്ണി, ജോജി മുണ്ടക്കയം, ഷമ്മി തിലകൻ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തി. അതിഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും കാഴ്ചവയ്ക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ഒരു കുടുംബത്തില്‍ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

Story Highlights; american weekly about malayalam movie joji