ഇതൊക്കെ സിംപിൾ അല്ലേ; ഓർമ്മശക്തികൊണ്ട് അത്ഭുതപ്പെടുത്തി രണ്ടര വയസുകാരി, മനഃപാഠമാക്കിയത് 200- ലധികം രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും

June 3, 2021

ബുദ്ധിശക്തികൊണ്ടും കഴിവുകൊണ്ടുമൊക്കെ പലപ്പോഴും മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്താറുണ്ട് ചില കുഞ്ഞുങ്ങൾ. ഇപ്പോഴിതാ ഇരുനൂറിലധികം രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും മനഃപാഠമാക്കി കേൾവിക്കാരെ മുഴുവൻ അമ്പരപ്പിക്കുകയാണ് ഒരു കൊച്ചുമിടുക്കി. പ്രണിന പ്രദീപ് എന്ന രണ്ടര വയസ്സുകാരിയാണ് ഈ ചെറുപ്രായത്തിനുള്ളിൽ ഇത്രയധികം രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ മനഃപാഠമാക്കിയിരിക്കുന്നത്. രാജ്യങ്ങളുടെ പേരുകൾ ചോദിക്കുമ്പോൾ വളരെ വേഗത്തിൽ ഒന്നാലോചിക്കുക പോലും ചെയ്യാതെയാണ് പ്രണിന ഉത്തരങ്ങൾ പറയുന്നത്.

ഐഎഎസ് ഓഫീസറായ പ്രിയങ്ക ശുക്ല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വിഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയ്ക്ക് മികച്ച കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ കുഞ്ഞുപ്രായത്തിനുള്ളിൽ ഇത്രയധികം കാര്യങ്ങൾ കാണാതെ പഠിച്ച ഈ രണ്ടര വയസുകാരിയ്ക്ക് നിറഞ്ഞ അഭിനന്ദനമാണ് കമന്റുകളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also:മനോഹരമായ കാഴ്ചകൾ സമ്മാനിച്ച് ചുവപ്പൻ പാറക്കെട്ടുകൾക്കിടയിലെ നീല തടാകങ്ങൾ, മനുഷ്യനിർമിതമായ ഈ തടാകങ്ങൾക്ക് പിന്നിൽ…

ഈ കൊറോണക്കാലത്ത് ഇത്തരത്തിലുള്ള വിഡിയോകളും ചിത്രങ്ങളും കാഴ്ചക്കാരിൽ കൂടുതൽ ഊർജം പകരും എന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. കുഞ്ഞുങ്ങളുടെ ഇത്തരം കഴിവുകൾ ചെറുപ്പത്തിലേ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾക്കും നിറഞ്ഞ അഭിനന്ദനമാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights; little girl says capital of 200 above countries viral video