കാണാതെ പോകരുത്; വലതുകരം ഇല്ലാതിരുന്നിട്ടും വയലിനില്‍ മാന്ത്രികസംഗീതം ഒരുക്കുന്ന ഈ ജീവിതം: വീഡിയോ

May 30, 2020
Manami Ito is winning the Internet with her violin skills

ജീവിതത്തില്‍ പ്രതിസന്ധികളെയും വെല്ലുവിളികളേയും നേരിടേണ്ടി വരാറുണ്ട് പലര്‍ക്കും. ചിലര്‍ തോല്‍വി സമ്മതിച്ച് സ്വയം കുറ്റപ്പെടുത്തി തകര്‍ച്ചയുടെ വക്കിലെത്തും. എന്നാല്‍ മറ്റ് ചിലരുണ്ട്. ആത്മധൈര്യം കൊണ്ട് എല്ലാ വെല്ലുവിളികളെയും അതിജീവിക്കുന്നവര്‍. അവര്‍ നല്‍കുന്ന പ്രചോദനവും കരുത്തും ചെറുതല്ല. അനേകര്‍ക്ക് പ്രചോദനമാകുന്ന ഒരു ജീവിതത്തെ പരിചയപ്പെടാം. മനാമി ഇറ്റോ എന്ന യുവതിയുടെ ജീവിതം.

ചിലര്‍ക്കെങ്കിലും പരിചിതമാണ് മനാമിയുടെ പേര്. വലതുകരം ഇല്ലാതിരുന്നിട്ടും വയലിനില്‍ മനാമി ഒരുക്കുന്നത് ആരേയും അതിശയിപ്പിക്കുന്ന സംഗീതവിസ്മയമാണ്. കണ്ണും മനസ്സും നിറയ്ക്കുന്ന ആ വയലിന്‍ സംഗീതത്തിന്റെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.

Read more: മനം നിറച്ചൊരു ഊഞ്ഞാലാട്ടം; മുത്തശ്ശിയുടെ നിഷ്‌കളങ്കതയെ പ്രശംസിച്ച് സോഷ്യല്‍മീഡിയ: വൈറല്‍ വീഡിയോ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്രതീക്ഷിതമായെത്തിയ ഒരു അപകടം കവര്‍ന്നെടുക്കുകയായിരുന്നു മനാമി ഇറ്റോയുടെ വലതുകരം. പക്ഷെ വിധിക്ക് മുന്‍പില്‍ തോല്‍ക്കാന്‍ തയാറായിരുന്നില്ല മനാമി. അവള്‍ പഠിച്ചു, സേവനത്തിന്റെ ഉദാത്ത മാതൃകയായ നഴ്‌സിങ്. കൃത്രിമ കൈയുള്ള ജപ്പാനിലെ ആദ്യത്തെ നഴ്‌സ് എന്ന ചരിത്രവും മനാമിയുടെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നു.

പാരാ-ഒളിംപിക്‌സില്‍ അറിയപ്പെടുന്ന നീന്തല്‍താരംകൂടിയാണ് മനാമി. 2008-ലെ ബെയ്ജിങ് പാരാ-ഒളിംപിക്‌സിലും 2012-ലെ ലണ്ടന്‍ പാരാ-ഒളിംപിക്‌സിലും മികച്ച നേട്ടം കൊയ്തിരുന്നു ഈ മിടുക്കി. വിധിയെ പഴിചാരാതെ ആത്മധൈര്യം കൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറുന്ന മനാമി ഇറ്റോ ഉയര്‍ന്ന് പറക്കാന്‍ അനേകര്‍ക്ക് പ്രചോദനമാണ്.

Story highlights: Manami Ito is winning the Internet with her violin skills