150 രൂപയ്ക്ക് വിവാഹം; ആഘോഷങ്ങൾക്കായ് മാറ്റിവെച്ച പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്, മാതൃകയായി നടൻ

കൊവിഡ് മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ് ലോകജനത. കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യം മുഴുവൻ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഈ സാഹചര്യത്തിൽ രോഗബാധിതരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുന്നതിനായി നിരവധി സുമനസുകൾ മുന്നോട്ട് വരുന്നുണ്ട്. ഇപ്പോഴിതാ വിവാഹ ആഘോഷങ്ങൾക്കായി കരുതിവെച്ച പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് മാറ്റിവെച്ച് മാതൃകയാകുകയാണ് നടൻ വിരാഫ് പട്ടേൽ.

മെയ് ആറിനായിരുന്നു വിരാഫിന്റെ വിവാഹം. സലോനി ഖന്നയാണ് വധു. കൊവിഡ് രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ വലിയ രീതിയിൽ വിവാഹം നടത്തുന്നതിന് പകരം ആ പണം മുഴുവൻ കൊവിഡ് രോഗികൾക്കായി വിരാഫ് സംഭാവന ചെയ്തു.

Read also: വാഹനത്തില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഇറങ്ങുമ്പോഴേക്കും അടുത്തുകൂടുന്ന നായ്ക്കള്‍; ഈ ഭക്ഷണംകൊടുക്കല്‍ പതിവാണ്: വൈറല്‍ക്കാഴ്ച

വിവാഹം വളരെ ലളിതമായി രജിസ്റ്റർ ഓഫീസിൽ വെച്ചാണ് നടത്തിയത്. വിവാഹത്തിനായി വെറും 150 രൂപ മാത്രമാണ് വിരാഫിന് ചിലവായത്. ഈ സാഹചര്യത്തിൽ വ്യക്തിപരമായ ആഘോഷങ്ങൾക്കല്ല പ്രസക്തി എന്ന് വ്യക്തമാക്കുകയാണ് താരം. സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുറച്ച് ആളുകൾക്കെങ്കിലും ഈ സഹായം ഉപകാരമാകുമെന്ന് വിശ്വസിക്കുന്നുവെന്നും വിരാഫ് പറഞ്ഞു.

Story Highlights:Actor’s wedding fund donated to covid patients