തിയേറ്റർ റിലീസ് പ്രഖ്യാപിച്ച് ബോളിവുഡ്; അക്ഷയ് കുമാർ നായകനാകുന്ന ‘ബെൽബോട്ടം’ പ്രേക്ഷകരിലേക്ക്

കൊവിഡ് പാശ്ചാത്തലത്തിൽ സിനിമ മേഖല ഉൾപ്പടെ കഴിഞ്ഞ കുറച്ച് നാളുകളായി നിശ്ചലമായിരുന്നു. എന്നാൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് സിനിമ മേഖല ചിത്രീകരണങ്ങൾ ആരംഭിച്ചിരുന്നു. എങ്കിലും തിയേറ്ററുകൾക്ക് അനുമതി ലഭിക്കാതിരുന്നതോടെ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയാണ് ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ സിനിമാ തിയറ്ററുകള്‍ തുറക്കാനുള്ള തീരുമാനം എടുക്കുന്നതിനിടെ ആദ്യ ബിഗ് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ്.

അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം ബെൽ ബോട്ടത്തിന്റെ റിലീസാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഓഗസ്റ്റ് 19ന് ചിത്രം പ്രേക്ഷകറിലേക്കെത്തും. സിനിമ മേഖല നിശ്ചലമായ കൊവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ ബോളിവുഡ് സിനിമ കൂടിയാണ് ബെൽബോട്ടം. ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Read also:‘രണ്ടര വർഷമായിട്ട് ഇരുത്തംവന്ന കലാകാരനാണ്’; ചിരിപ്പിച്ച് രമേശ് പിഷാരടി, കിടിലൻ കൗണ്ടറുകളുമായി മേഘ്‌നക്കുട്ടിയും

രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ ചിത്രമാണ് ‘ബെൽബോട്ടം’. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സിനിമയാണ് ബെല്‍ബോട്ടമെന്നാണ് സൂചന. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത് വാണി കപൂര്‍ ആണ്. ഹുമ ഖുറേഷിയും ലാറ ദത്തയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളിയായ രാജീവ് രവിയാണ്.

അതേസമയം ഒന്നര വര്‍ഷത്തിന് ശേഷമാണ് ഒരു അക്ഷയ് കുമാര്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്നത്. രാജ് മെഹ്‍തയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഗുഡ് ന്യൂസ്’ ആയിരുന്നു ഇതിനു മുന്‍പ് തിയറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രം. 2019 ക്രിസ്‍മസ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

Story highlights: bell bottom announced theatre release