വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്; ബോർഡുകളോ, ജോലിക്കാരോ ഇല്ലാതെ മനോഹരമായി കിടക്കുന്ന ഗ്രാമങ്ങൾ

‘ഇവിടെ മാലിന്യം നിക്ഷേപിക്കരുത്…’ നമ്മുടെ നാട്ടിൽ നിരവധി ഇടങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത് കാണാം. എന്നാൽ ഈ ബോർഡുകൾക്ക് കീഴെപ്പോലും മാലിന്യകൂമ്പാരങ്ങൾ കാണുന്ന കാഴ്ചകളും നമുക്ക് സുപരിചിതമാണ്. അതിന് പുറമെ റോഡുകൾ വൃത്തിയാക്കുന്ന ആളുകളേയും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലിക്കാരെയുമൊക്കെ നമ്മുടെ നിരത്തുകളിൽ സ്ഥിരമായി കാണാറുണ്ട്. എന്നാൽ ഇങ്ങനെ ജോലിക്കാരോ ബോർഡുകളോ ഇല്ലാതെ വീടും നാടും ശുചിയായി സൂക്ഷിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട് അങ്ങ് മിസോറാമിലെ ബിയാറ്റെയിൽ.

സ്വന്തം വീടും പരിസരവും മാത്രമല്ല… പറമ്പും റോഡുകളും ഗ്രാമത്തിലെ ഓരോ ഇടങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഈ നാട്ടിലെ ജനത. ഇതിന്റെ ഭാഗമായി ആ നാട്ടിലെ ആളുകൾ ആഴ്ചയിൽ ഒരിക്കൽ നാടും പരിസരവും വൃത്തിയാക്കാനായി ഇറങ്ങും. ശനിയാഴ്ചകളിലാണ് ഇത്തരത്തിൽ ആളുകൾ പരിസരം വൃത്തിയാക്കുന്നത്. ഓരോ വീടുകൾക്കും മാലിന്യങ്ങൾ നിക്ഷേപിക്കാനും അവ സംസ്കരിക്കാനുമുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ട്.

Read also:ഇത് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം; അറിയാം മൌലിനോങ് ഗ്രാമത്തിന്റെ പ്രത്യേകതകൾ

ആ ഗ്രാമത്തിലെ ഓരോ കുടുംബവും ഒരു ചെറിയ തുക മാറ്റിവെച്ച് മാലിന്യങ്ങൾ ശേഖരിക്കാനെത്തുന്ന സന്നദ്ധപ്രവർത്തകർക്ക് നൽകുന്നുണ്ട്. അതിന് പുറമെ ഓടകൾ വൃത്തിയാക്കാനും ഇങ്ങനെ മാറ്റിവയ്ക്കുന്ന തുക ഉപയോഗിക്കും. ഈ ഗ്രാമത്തിൽ 1800 കളിൽ ആരംഭിച്ച ഈ പ്രവർത്തനം ഇന്നും തുടരുകയാണ്. ഈ ഗ്രാമത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് പിഴയോ, ശിക്ഷയോ ഇല്ല. കുട്ടികളെ വേസ്റ്റുകൾ വലിച്ചെറിയരുത് എന്ന് പറഞ്ഞ് പഠിപ്പിക്കേണ്ട ആവശ്യവുമില്ല. കാരണം ഇവിടെ ആരും അങ്ങനെ ചെയ്യാറില്ല.

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സ്ഥലങ്ങളിൽ ഒന്ന് കൂടിയായ ഈ ഗ്രാമത്തിൽ രോഗങ്ങൾ കുറവാണ് എന്നതും ഏറെ ശ്രദ്ധേയമാണ്.

Story highlights:Cleanest village Biate and its specialities