പ്രായം വെറും നാല് വയസ്, ചെയ്യുന്നതോ വലിയ കാര്യങ്ങൾ; സമുദ്ര സംരക്ഷണത്തിനിറങ്ങിയ നീന

അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിൽ സൃഷ്ടിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്. വെള്ളത്തിലേക്കും മറ്റും വലിച്ചെറിയുന്ന മാലിന്യങ്ങൾ സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ ദോഷമായി ബാധിക്കും. കടലിലെ ചെറു സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനെതന്നെ ഇത് ദോഷമായി ബാധിക്കും. ഓരോ വർഷവും ആയിരക്കണക്കിന് സമുദ്ര ജീവികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴിക്കുന്നത് വഴി മരിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇപ്പോഴിതാ സമുദ്ര സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയാണ് നീന എന്ന നാല് വയസുകാരി.

ബ്രസീലിലെ ലോക പ്രശസ്ത ബീച്ചായ റിയോ ഡി ജനീറോയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ് ആ നാല് വയസ്സുകാരി. അച്ഛനൊപ്പമാണ് നീന കടലിൽ ഇറങ്ങി ഇവിടെ കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. വെള്ളത്തിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് സമുദ്രത്തിന്റെ ആവാസവ്യവസ്ഥയെ ഏതൊക്കെ രീതിയിൽ ബാധിക്കും എന്ന ബോധ്യം മറ്റുളവരിൽ കൂടി വളർത്താനുള്ള ഉദ്ദേശ്യത്തിലാണ് ഈ കുഞ്ഞുമിടുക്കിയിപ്പോൾ.

Read also: 61 വർഷത്തെ കാത്തിരിപ്പ്; ആഗ്രഹം സഫലമായപ്പോൾ, ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക പറയുന്നു…

കടലിൽ ഇറങ്ങി മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചാൽ നീന പറയും.. മാലിന്യങ്ങൾ വലിച്ചെറിയുന്നതുവഴി മത്സ്യങ്ങളും ആമകളും മരിക്കുന്നു. ഈ ലോകത്തില്‍ തനിക്കൊപ്പം ജീവിക്കാന്‍ മത്സ്യങ്ങള്‍ക്കും ആമകള്‍ക്കും അവകാശമുണ്ട്. അതുകൊണ്ട് അവയുടെ സംരക്ഷണം ഉറപ്പ് വരുത്താനാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്ന്. നീനയുടെ ഈ പ്രവർത്തിയെക്കുറിച്ചറിഞ്ഞ് നിരവധിപ്പേരാണ് ഈ കുഞ്ഞുമിടുക്കിയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്.

Story Highlights: four year old girl dive sea and remove marine waste