കുതിച്ചു പായുന്ന ആയിരക്കണക്കിന് മാനുകൾ; സോഷ്യൽ ഇടങ്ങളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ വിഡിയോ

July 29, 2021

സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ലെങ്കിലും മനുഷ്യനെപ്പോലെ തന്നെ നിരവധി കാഴ്ചക്കാരെ നേടിയെടുക്കാറുണ്ട് ചില മൃഗങ്ങളും പക്ഷികളുമൊക്കെ. ഇത്തരത്തിൽ കൗതുകം നിറഞ്ഞ നിരവധി കാഴ്ചകൾക്കാണ് പലപ്പോഴും സോഷ്യൽ മീഡിയ സാക്ഷികളാകുന്നതും. ഇപ്പോഴിതാ കാഴ്ചക്കാരിൽ അത്ഭുതം നിറയ്ക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. റോഡിലൂടെ കുതിച്ചുപായുന്ന ആയിരക്കണക്കിന് കൃഷ്ണമൃഗം അഥവാ കരിമാനിന്റെ മനോഹരമായ വിഡിയോയാണിത്.

ഗുജറാത്തിലെ ഭാവനനഗർ ബ്ലാക്ക് ബക്ക് നാഷണൽ പാർക്കിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇൻഫോർമേഷൻ ഡിപ്പാർട്ട്മെന്റിന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന ഈ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ഇതിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ഈ വിഡിയോ ഏറ്റെടുത്തിട്ടുണ്ട്. ‘എക്സലന്റ്’ എന്നാണ് വിഡിയോയ്ക്ക് കമന്റായി പ്രധാനമന്ത്രി കുറിച്ചിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് കാഴ്ചക്കാരിൽ നിന്നും വിഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഏകദേശം 3000- ത്തോളം മാനുകളാണ് ഈ ദൃശ്യങ്ങളിൽ കാണുന്നത്. വാഹനങ്ങൾ പോകുന്ന റോഡിലൂടെ വളരെ വേഗത്തിൽ നിരനിരയായി പായുന്ന മാനുകളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.

Read also;‘ആദ്യം വിസമ്മതിച്ച ആ കൂടിക്കാഴ്ച’; മൈക്കൽ ജാക്സനുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് മനസുതുറന്ന് എ ആർ റഹ്മാൻ

അതേസമയം ആന്റിലോപ് ജനുസ്സിൽ ഇന്ത്യയിൽ കാണപ്പെടുന്ന ഏക സ്പീഷിസാണ് കരിമാൻ. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഉണ്ടായിരുന്നെങ്കിലും ഇന്നിവ ഇന്ത്യയിൽ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൻ‌തോതിൽ വംശനാശഭീഷണി നേരിടുന്ന വിഭാഗമാണ് കരിമാൻ. ആന്ധ്രാപ്രദേശിന്റെ സംസ്ഥാനമൃഗവുമായ ഇവ രാജസ്ഥാനിലും ഗുജറാത്തിലുമാണ് കൂടുതലായും കാണപ്പെടുന്നത്.

ശരീരത്തിന്റെ മുകൾ‌ഭാഗത്തിനു കറുപ്പും കീഴ്ഭാഗത്തിനു വെള്ളനിറവും പിരിഞ്ഞ കൊമ്പുകളുമാണ് കൃഷ്ണമൃഗത്തിന്റെ ആൺമൃഗങ്ങളിൽ കണ്ടുവരുന്നത്. എന്നാൽ പെൺ‌മൃഗങ്ങൾക്ക് മുകൾഭാഗത്ത് മഞ്ഞനിറമാണുണ്ടാവുക. ആൺ‌മൃഗങ്ങളേക്കാൾ അല്പം ചെറുതായ ഇവയ്ക്ക് കൊമ്പുകളുണ്ടാവില്ല.

Story highlights; Herd of black bucks caught on camera video goes viral