‘ആദ്യം വിസമ്മതിച്ച ആ കൂടിക്കാഴ്ച’; മൈക്കൽ ജാക്സനുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് മനസുതുറന്ന് എ ആർ റഹ്മാൻ

July 29, 2021

പോപ് സംഗീത ചക്രവർത്തി മൈക്കൽ ജാക്സനുമൊത്തുള്ള കൂടിക്കാഴ്ചയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സംഗീതമന്ത്രികൻ എ ആർ റഹ്‌മാൻ. വർഷങ്ങൾക്ക് മുൻപ് 2009 ൽ ഓസ്‌കർ നേടിയതിന് പിന്നാലെയാണ് റഹ്മാൻ മൈക്കൽ ജാക്സനുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ ഇതിന് മുൻപ് മൈക്കൽ ജാക്സനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിസമ്മതിനെക്കുറിച്ചും റഹ്മാൻ പറയുന്നുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ റഹ്മാൻ വ്യക്തമാക്കിയത്.

മൈക്കൽ ജാക്സനുമായുള്ള കൂടിക്കാഴ്ച റഹ്മാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹം ഒരു സുഹൃത്ത് മുഖേന റഹ്‌മാൻ മൈക്കൽ ജാക്സനെ അറിയിക്കുകയും ചെയ്തു. അതിന് പുറമെ അദ്ദേഹത്തിന് ഈ- മെയിൽ വഴി കൂടിക്കാഴ്ചയ്ക്കായുള്ള അപേക്ഷ അയച്ചെങ്കിലും ഇതിന് മറുപടിയൊന്നും ലഭിച്ചില്ല. ഇതോടെ ഇനി ഒരിക്കലും അദ്ദേഹത്തെ കാണാൻ കഴിയില്ലെന്ന് മനസിൽ ഉറപ്പിച്ചു.

പിന്നീട് ഓസ്കർ നാമനിർദ്ദേശം ലഭിച്ചതോടെ, പുരസ്‌കാര പ്രഖ്യാപന നിശയിലേക്കുള്ള പരിശീലനവുമായി തിരക്കിലുമായി റഹ്മാൻ. എന്നാൽ ഓസ്കർ പുരസ്‌കാരത്തിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ റഹ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമ്മതം പറഞ്ഞുകൊണ്ട് മൈക്കൽ ജാക്സന്റെ മറുപടിയും വന്നു. പക്ഷെ പുരസ്‌കാര പ്രഖ്യാപന നിശയിലേക്കുള്ള പ്രാക്ടീസ് നടക്കുന്നതിനാൽ റഹ്‌മാൻ അദ്ദേഹത്തെ കാണുന്നതിന് വിസമ്മതിച്ചു. അതിന് പുറമെ ഓസ്കർ നേടിയാൽ മാത്രമേ താൻ അദ്ദേഹത്തെ കാണുന്നുള്ളുവെന്നും ഇല്ലെങ്കിൽ അദ്ദേഹത്തെ കാണില്ലെന്നും റഹ്മാൻ ഉറപ്പിച്ചു.

Read also: ഫീസായി വാങ്ങുന്നത് 18 മരത്തൈകൾ; പിന്നിൽ ചെറുതല്ലാത്തൊരു കാരണവും

എന്നാൽ ഇന്ത്യൻ ജനതയ്ക്ക് മുഴുവൻ ഇരട്ടിമധുരം നൽകികൊണ്ട് 2009 ഫെബ്രുവരി ഇരുപത്തി മൂന്നിന് ആ വാർത്തയെത്തി. ഒന്നല്ല രണ്ടു ഓസ്കറുകളുമായി ഇന്ത്യയുടെ പേര് വാനോളം ഉയർത്തി ആ സംഗീത മാന്ത്രികൻ. പുരസ്‌കാരം നേടിയതിന്റെ തൊട്ടടുത്ത ദിവസം മൈക്കൽ ജാക്സനുമായുള്ള കൂടിക്കാഴ്‌ചയും ഒരുക്കി. രണ്ട് മണിക്കൂറോളം നീണ്ടുനിന്നു ഇരുവരും തമ്മിലുള്ള ആ കൂടിക്കാഴ്ച.

Story Highlights; When AR Rahman refused to meet Michael Jackson