ആവേശമായി മൈക്കിൾ ജാക്‌സൺ ബയോപിക്; അമ്പരപ്പിച്ച് ഫസ്റ്റ് ലുക്ക്!

January 22, 2024

മൈക്കൽ ജാക്‌സൺ എന്നത് പോപ്പ് സംഗീതത്തിൽ വെറുമൊരു പേരല്ല. അനേകം ആരാധകരുടെ സാമ്രാജ്യം തീർത്ത സംഗീത മാന്ത്രികൻ കൂടിയാണ് അദ്ദേഹം. അദ്ദേഹം മരണപ്പെട്ടിട്ട് 14 വർഷങ്ങൾ പിന്നിട്ടെങ്കിലും ആ പാരമ്പര്യം ഇന്നും നിലനിൽക്കുന്നു. ആരാധകരുടെ എണ്ണമാകട്ടെ അനുദിനം വർദ്ധിച്ചുമിരിക്കുന്നു. ഇതിനിടയിൽ ആരാധകർക്ക് ആവേശമായി മൈക്കൽ ജാക്‌സന്റെ ബയോപിക്കിന്റെ ഫസ്റ്റ് ലുക്ക് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. (Netizens thrilled by first look from Michael Jackson’s Biopic)

ചിത്രത്തിൽ അഭിനയിക്കുന്ന അദ്ദേഹത്തിന്റെ അനന്തരവൻ ജാഫർ ജാക്‌സൺ തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ആണ് ചിത്രം പങ്കുവെച്ചത്. 2025 ഏപ്രിൽ 18 ന് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്ത ചിത്രം ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ജനിപ്പിക്കുന്നത്. ജാഫർ പങ്കുവെച്ച ചിത്രവും മൈക്കിൾ ജാക്സനെയും തമ്മിൽ വേർതിരിച്ചറിയാൻ പോലും പലർക്കും കഴിയുന്നില്ല. മൈക്കിൾ ജാക്‌സന്റെ തന്നെ ഒരു പഴയ ചിത്രം പോലെ തോന്നിയെന്നാണ് എല്ലാവരുടെയും അഭിപ്രായം.

Read also: ‘ആ കണ്ണുകളിൽ നജീബ് മാത്രം’; വീണ്ടും ഞെട്ടിച്ച് ‘ആടുജീവിതം’!

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ജാഫർ ജാക്സൺ കറുത്ത തൊപ്പി ധരിച്ച് ജാക്‌സന്റെ സിഗ്നേച്ചർ സ്റ്റെപ്പ് ചെയ്യുന്നതായാണ് ചിത്രം. അന്റോയിൻ ഫുക്വയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗ്ലാഡിയേറ്ററിന്റെ രചന നിർവഹിച്ച ജോൺ ലോഗനാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

ജാക്സന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്നതാണ് ബയോപിക്. വരാനിരിക്കുന്ന ബയോപിക്കിനെക്കുറിച്ച് അറിഞ്ഞ ആരാധകരെല്ലാം ആവേശഭരിതരാണ്.

Story highlights: Netizens thrilled by first look from Michael Jackson’s Biopic