‘ആ കണ്ണുകളിൽ നജീബ് മാത്രം’; വീണ്ടും ഞെട്ടിച്ച് ‘ആടുജീവിതം’!

January 17, 2024

മലയാളി പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിൽ എത്തിക്കാൻ പാകത്തിനുള്ള ചിത്രമാണ് ‘ആടുജീവിതം’ എന്ന പ്രതീക്ഷ ഏവരുടെയും ഉള്ളിലുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾക്കായി പ്രേക്ഷകർ എപ്പോഴും കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ്. (Prithviraj starrer ‘Aadujeevitham’ movie new look out now)

”തുരങ്കത്തിന്റെ ഒടുവിൽ എപ്പോഴും വെളിച്ചമുണ്ട്” എന്ന കുറിപ്പോടെയാണ് X -ൽ പൃഥ്വിരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നജീബിന്റെ ജീവിതത്തിലെ ദുരന്തങ്ങളുടെ പ്രതിഫലനമാണ് പങ്കുവെച്ച ചിത്രത്തിൽ കാണുന്നത്. കലങ്ങിയ കണ്ണുകളിലെ തീക്ഷ്ണമായ നോട്ടം പ്രേക്ഷകരിലേക്ക് പ്രതീക്ഷ വരണ്ട നജീബിന്റെ ജീവിതത്തിലേക്കുള്ള ജാലകം തുറക്കുന്നു.

മലയാളത്തിലെ മികച്ച നോവലുകളിൽ ഒന്നായ ആടുജീവിതത്തെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

Read also: ‘മലയാളിയുടെ ഹൃദയം കവർന്ന ആടുജീവിതം’; ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പ്രഭാസ്!

ഏറെ നാളുകൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡും മറ്റ് പ്രതിസന്ധികളും വന്നതോടെ ചിത്രീകരണം കഴിഞ്ഞ വർഷം ജൂലൈ വരെ നീണ്ടു. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജോർദാനിലാണ്. 3 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ വർഷം പുറത്ത് വന്നിരുന്നു. ഏപ്രിൽ പത്തിനാണ് ചിത്രം തീയറ്ററുകളിൽ റിലീസിനെത്തുന്നത്.

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ഏപ്രിൽ നാലിനാണ് ചിത്രം തീറ്ററുകളിലെത്തുന്നത്.

Story highlights: Prithviraj starrer ‘Aadujeevitham’ movie new look out now