‘ഒരു കപ്പ് കാപ്പിയും ഒരു ആപ്പിളുമായി 28 കിലോ കുറച്ച നടൻ’; ആടുജീവിതത്തിനായുള്ള പ്രചോദനത്തെക്കുറിച്ച് ഗോകുൽ

April 8, 2024

ലോകസിനിമയില്‍ മലയാളത്തിന് വലിയ സ്വീകാര്യത നേടിക്കൊടുത്ത് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ പ്രധാനകഥാപാത്രമായി വേഷമിടാന്‍ പൃഥ്വിരാജ് നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ രീതിയില്‍ ശ്രദ്ധനേടിയിരുന്നു. വേഷപ്പകര്‍ച്ചയില്‍ പൃഥ്വിയ്‌ക്കൊപ്പം എടുത്തുപറയേണ്ടതാണ് ഹക്കീമായി പ്രേക്ഷകരെ ഞെട്ടിച്ച കെആര്‍ ഗോകുല്‍ എന്ന പുതുമുഖതാരവും. നേരത്തെ സിനിമയ്ക്കായി വലിയ രീതിയില്‍ ഗോകുല്‍ ശരീരഭാരം കുറച്ചതടയ്ക്കം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ആടുജീവിതത്തിലെ ഹക്കീമായി മാറാന്‍ ഹോളിവുഡ് നടനായ ക്രിസ്റ്റ്യന്‍ ബെയില്‍ തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്ന് പറയുകയാണ് ഗോകുല്‍. ( KR Gokul on physical transformation for Aadujeevitham )

ക്രിസ്റ്റ്യന്‍ ബെയിലിന്റെ അര്‍പ്പണബോധമായിരുന്നു ഈ യാത്രയില്‍ തനിക്ക് പ്രചോദനമായതെന്നാണ് ഗോകുല്‍ പറയുന്നത്. മെഷീനിസ്റ്റ് എന്ന ചിത്രത്തിലെ ക്രിസ്റ്റ്യന്‍ ബെയിലിന്റെ ഒരു പ്രശസ്ത സ്റ്റില്ലിന് സമാനമായി പോസ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് ഗോകുല്‍ തന്റെ പ്രിയ നടന് ആദരം നല്‍കിയിരിക്കുന്നത്. കഥാപാത്രത്തിനായി വലിയ ശാരീരിക മാറ്റങ്ങള്‍ക്ക് വിധേയരാവുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ഏറ്റവും മുന്‍പന്തിയില്‍ വരുന്ന താരമാണ് ക്രിസ്റ്റ്യന്‍ ബെയില്‍. നിരവധി ചിത്രങ്ങള്‍ക്കായി രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിലും 2004-ല്‍ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ദി മെഷീനിസ്റ്റിനായുള്ള ട്രാന്‍സ്‌ഫോര്‍മേഷ്‌നാണ് ഏറ്റവും കൂടുതല്‍ ലോകശ്രദ്ധ നേടിയത്. ഉറക്കമില്ലായ്മ നേരിടുന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 28 കിലോയാണ് ബെയ്ല്‍ കുറച്ചത്.

‘ആടുജീവിതത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കായി ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ബെയിലിന്റെ അസാധാരണമായ അര്‍പ്പണബോധത്തിലാണ് ഞാന്‍ പ്രചോദനം തേടിയത്. 2004-ല്‍ പുറത്തിറങ്ങിയ ‘ദി മെഷീനിസ്റ്റ്’ എന്ന ത്രില്ലര്‍ ചിത്രത്തിലെ ‘ട്രെവര്‍ റെസ്‌നിക്’ എന്ന നിദ്രാവിഹീനനായ കഥാപാത്രത്തെ അവതരിപ്പിക്കാനായി 28 കിലോയാണ് ശരീരഭാരം കുറച്ചത്. രൂപമാറ്റത്തിനായി വെള്ളവും ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയും മാത്രമാണ് അദ്ദേഹം പ്രതിദിനം കഴിച്ചത്. എന്നെ വളരെയധികം പ്രചോദിപ്പിച്ച ഒരു ബോഡി ട്രാന്‍സ്‌ഫോര്‍മേഷനാണത്. ബെയിലിന്റെ പ്രകടനമാണ് മെഷീനിസ്റ്റിന് ഒരു കള്‍ട്ട് പദവി നല്‍കിയത്. അദ്ദേഹത്തിന്റെ ഒരു വലിയ ആരാധകനെന്ന നിലയില്‍ ക്രിസ്റ്റ്യന്‍ ബെയിലിന്റെ പ്രതിഭയോടും അദ്ദേഹത്തിലെ കലാകാരനോടുമുള്ള എന്റെ ആദരവാണ് ഈ ചിത്രം’, തന്റെ ചിത്രത്തോടൊപ്പം ഗോകുല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Read Also ; ‘ഇനിയൊരു നജീബ് ഉണ്ടാകരുതെന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിക്കുന്നു’; ആടുജീവിതത്തെക്കുറിച്ച് നവ്യ നായർ

മാര്‍ച്ച് 28-ന് റിലീസിനെത്തിയ ചിത്രം ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. ഇതോടെ മലയാളത്തില്‍ അതിവേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന സിനിമയായും ആടുജീവിതം മാറി. പൃഥ്വിരാജ് ആണ് സമൂഹമാധ്യമങ്ങളിലൂടെ ആടുജീവിതം നൂറ് കോടി സ്വന്തമാക്കിയ വിവരം പങ്കുവച്ചത്.

Story highlights : KR Gokul on physical transformation for Aadujeevitham