‘ഇനിയൊരു നജീബ് ഉണ്ടാകരുതെന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിക്കുന്നു’; ആടുജീവിതത്തെക്കുറിച്ച് നവ്യ നായർ

April 7, 2024

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രം വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നജീബായിട്ടുള്ള പൃഥ്വിരാജിന്റെ വേഷപ്പകര്‍ച്ച ഏറെ കയ്യടി ഏറ്റുവാങ്ങുകയാണ്. സമഗ്രമേഖലയിലും മികവ് തെളിയിച്ച് പ്രദര്‍ശനം തുടരുന്ന ചിത്രത്തെയും പൃഥ്വിയുടേയും പ്രകടനത്തെയും പ്രശംസിച്ച് താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആടുജീവിത്തെ പ്രശംസിച്ച് നടി നവ്യ നായര്‍ എത്തിയിരിക്കുകയാണ്. ( Navya nair about Aadujeevitham movie )

ആടുജീവിതം ഒരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍ ഹൃദയം പിടയുന്നെന്നും ഇനിയൊരു നജീബ് ഉണ്ടാകരുതെന്ന് ഈ വിശുദ്ധമാസത്തില്‍ പ്രാര്‍ഥിക്കുന്നു എന്നാണ് നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു. ഈ കഥാപാത്രത്തിനായി നിങ്ങള്‍ നടത്തിയ സമര്‍പ്പണം വരും തലമുറയിലെ അഭിനേതാക്കള്‍ക്ക് ഒരു പാഠമാണ്. ബ്ലെസി എന്ന സംവിധായകനോട് ബഹുമാനം മാത്രമാണെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : –

‘ഇതൊരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍, നജീബിക്കാ.. പുസ്തകം വായിച്ചപ്പോള്‍ തന്നെ ഹൃദയംപിടഞ്ഞിരുന്നു, ബെന്യാമിന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോള്‍ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം, ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തില്‍ പ്രാര്‍ഥിച്ചു പോകുന്നു. രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരന്‍), നിങ്ങളുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നു. പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകുംവിധം അതിശയിപ്പിച്ചു. സിനിമ തീര്‍ന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു, അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീര്‍ത്ത വിസ്മയമാണ്. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങള്‍ നടത്തിയ സമര്‍പ്പണം വരും തലമുറയിലെ അഭിനേതാക്കള്‍ക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയട്ടെ.

ഹക്കീം ആയി ഗോകുലും, ഇബ്രാഹിം ഖാദിരി ആയി ജിമ്മി ജീന്‍ ലൂയിയും മനസ്സ് കീഴടക്കി. പെരിയോനെ റഹ്‌മാനെ പെരിയോനേ റഹീം, ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ, അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആര്‍ റഹ്‌മാന്‍) നമസ്‌കരിക്കുന്നു. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതില്‍ നന്ദി. ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം – നവ്യ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : ‘നജീബ് ഇക്ക.. ഈ കഥ ലോകത്തോട് പറയാൻ ദൈവം തെരഞ്ഞെടുത്തയാളാണ് നിങ്ങൾ’; കണ്ണുനിറഞ്ഞ് പൃഥ്വിരാജ്

Story highlights : Navya nair about Aadujeevitham movie