മലയാളത്തിലെ ആദ്യത്തെ അളിയൻ × അളിയൻ ‘ലൗ സ്റ്റോറി’

May 17, 2024

‘ഇങ്ങനെയൊരു അളിയന്‍ – അളിയന്‍ കോമ്പിനേഷന്‍ നമ്മുടെ വീട്ടില്‍ ഉണ്ടായിരുന്നെങ്കില്‍’. സിനിമ കണ്ട് പുറത്തുവന്ന ഒരു സ്ത്രീ പറഞ്ഞ വാക്കുകളാണ് ഇവ.. പിന്നീട് ഈ ഡയലോഗിന്റെ വിവിധ വേര്‍ഷന്‍സ് തീയേറ്ററിന് പുറത്ത് അങ്ങിങ്ങായി കേള്‍ക്കാമായിരുന്നു.. അങ്ങനെ…2024 മെയ് 16ന് മലയാള സിനിമയ്ക്ക് ‘ഗുരുവായൂരമ്പല നടയില്‍’ വച്ച് ഒരു വെടിക്കെട്ട് അളിയന്‍ – അളിയന്‍ കോമ്പിനേഷന്‍ കിട്ടിയിരിക്കുകയാണ്. ആനന്ദനും വിനുവും. ( Guruvayoor Ambalanadayil movie review )

‘ജയ ജയ ജയ ജയ ഹേ’ എന്ന മെഗാ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബേസിലും ആണ് ഒരു കിടിലന്‍ അളിയന്‍ × അളിയന്‍ കോംബോ മലയാളികള്‍ക്ക് സമ്മാനിച്ചത്. ട്രെയിലറില്‍ കണ്ടതൊക്കെ വെറും സാമ്പിള്‍ മാത്രമാക്കി അതിന്റെ പതിന്മടങ്ങ് ചിരിയുടെ കെട്ടാണ് പൃഥ്വിരാജും ബേസിലും കൂടി സിനിമയുടെ ആദ്യ പകുതിയില്‍ തന്നെ അഴിച്ചു വിടുന്നത്. ഇരുവരും സ്‌ക്രീനില്‍ ഒന്നിച്ചു വരുമ്പോഴേ പ്രേക്ഷകരുടെ കൈയടി തുടങ്ങും. പിന്നീട് അളിയന്മാരുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ‘കൊടുക്കല്‍ വാങ്ങലുകള്‍’ കൂടുമ്പോള്‍ കൈയടിയും പൊട്ടിച്ചിരിയും അങ്ങ് ഉച്ചസ്ഥായിലേക്കെത്തും.

ഹെവി കഥാപാത്രങ്ങളില്‍ നിന്ന് പച്ചയായ കഥാപാത്രത്തിലേക്ക് പൃഥ്വിരാജ് കടന്നപ്പോള്‍ തമാശകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ആ മികച്ച നടന്റെ മെയ്‌വഴക്കം ഒരു ഇടവേളയ്ക്ക് ശേഷം സ്‌ക്രീനില്‍ പ്രകടമായിരുന്നു. തന്റെ ഏറ്റവും സേഫ് ആന്‍ഡ് സ്‌ട്രോങ് സോണില്‍ ഈ കാലഘട്ടത്തില്‍ മലയാള സിനിമയില്‍ തനിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ മറ്റൊരു നടനും ഇല്ല എന്ന അടിവരയിടുന്ന പ്രകടനമാണ് ബേസില്‍ കാഴ്ച്ച വച്ചത്. ചുരുക്കി പറഞ്ഞാല്‍ ഈ അളിയന്‍ കോംബോ പ്രേക്ഷകമനസില്‍ ഇടംപിടിക്കുമെന്ന് ഉറപ്പാണ്. ചിരി പൂരത്തിന്റെ വെടിക്കെട്ട് കാണാന്‍ ‘ഗുരുവായൂരമ്പല നടയി’ലേക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.

Read Also : കല്യാണം കഴിഞ്ഞിട്ടില്ലാത്ത പെൺകുട്ടികളോട് പ്രത്യേകമായിട്ടാണ്..- ശ്രദ്ധനേടി കുറിപ്പ്

ദീപു പ്രദീപ് ആണ് ‘ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഛായാഗ്രഹണം – നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി, സംഗീതം- അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍, ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി.

Story highlights : Guruvayoor Ambalanadayil movie review