ഗുരുവായൂരമ്പല നടയിൽ അഖിലിന്റെ ‘കുഞ്ഞുണ്ണി’ പരിവേഷം!

May 26, 2024

പൃഥ്വിരാജും ബേസിലും ചേർന്ന് കിടിലന്‍ അളിയന്‍ × അളിയന്‍ കോംബോ മലയാളികള്‍ക്ക് സമ്മാനിച്ച ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. വൈവിധ്യമാർന്ന കഥകൾ പറയുന്ന മലയാള സിനിമ, ഏറെ വ്യത്യസ്തമായ അളിയന്മാരുടെ കഥയുമായാണ് ഗുരുവായൂരമ്പല നടയിലൂടെ പ്രേക്ഷകർക്കിടയിലേക്ക് എത്തിയത്. ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിൽ കഥയും, കഥാപാത്രങ്ങളും, കഥാസന്ദർഭങ്ങളും അതിമനോഹരമായി യോജിച്ചപ്പോൾ തിയറ്ററുകളിൽ പൊട്ടിച്ചിരി നിറഞ്ഞു. (Akhil Kavalayoor as ‘Kunjunni’ in Guruvayoorambala Nadayil)

ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ നർമ്മം അതിമനോഹരമായി കൈകാര്യം ചെയ്ത കലാകാരന്മാരും ശ്രദ്ധ നേടിയിരുന്നു. ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയനായ അഖിൽ കവലയൂർ അത്തരത്തിൽ കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. പരിപാടിയിൽ ആദ്യം തൻ്റെ ശബ്ദത്തിലൂടെ അശരീരിയായി എത്തിയ അദ്ദേഹം ഇപ്പോൾ പ്രധാന ഗ്രൂമറാണ്.

വിനുവിന്റെ സഹപ്രവർത്തകൻ എന്നതിലുപരി വിനുവിന്റെയും ആനന്ദന്റെയും ജീവിതത്തിലെ പല വഴിത്തിരുവകൾക്കും തിരി കൊളുത്തുന്നത് അഖിൽ അവതരിപ്പിച്ച ‘കുഞ്ഞുണ്ണി’ എന്ന കഥാപാത്രമാണ്.

ചിത്രം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുമ്പോൾ അയ്യപ്പ ഭക്തനായ ആനന്ദന്റെ കൂട്ടുകാരൻ കുഞ്ഞുണ്ണി തൻ്റെ പ്രകടനത്തിലൂടെ അനേകം ചിരി മുഹൂർത്തങ്ങളാണ് കാണികൾക്ക് സമ്മാനിക്കുന്നത്. കഥയുടെ കാതലായ വിവാഹത്തിന് വഴിയൊരുക്കുന്നതും പിന്നീട് ചിത്രം പുരോഗമിക്കുമ്പോൾ പ്രധാന കഥാസന്ദർഭങ്ങളുടെയെല്ലാം ഭാഗമായി കുഞ്ഞുണ്ണിയുമുണ്ട്.

Read also: അടിച്ചു മോനേ! 50 കോടി ക്ലബ്ബിൽ ഇനി ‘ഗുരുവായൂരമ്പല നടയിൽ’; 1000 കോടി ക്ലബ്ബിൽ മലയാള സിനിമ

‘ജയ ജയ ജയ ജയ’ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമ്മിച്ചിരിക്കുന്നത്.

ഛായാഗ്രഹണം – നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി.

Story highlights: Akhil Kavalayoor as ‘Kunjunni’ in Guruvayoorambala Nadayil