‘പൃഥിരാജിനെ കണ്ട് കെട്ടിപ്പിടിക്കണം’; ജീവിതം നേർക്കാഴ്ചയായ അനുഭവം പങ്കുവെച്ച് നജീബ്!

March 28, 2024

മലയാളക്കര ഒന്നാകെ പ്രതീക്ഷകളും ആകാംഷയും നിറഞ്ഞ് കാത്തിരുന്ന ചിത്രമാണ് ബ്ലെസി സംവിധാനം നിർവഹിച്ച ‘ആടുജീവിതം’. ഭ്രമയുഗവും, പ്രേമലുവും, മഞ്ഞുമ്മൽ ബോയ്സും വമ്പിച്ച ഹിറ്റുകളായി മാറിയപ്പോഴും വാർത്തകളിൽ ആടുജീവിതത്തിന്റെ സ്ഥാനം ഒട്ടും പിന്നിലായിരുന്നില്ല. കഥാനായകൻ നജീബും മാധ്യമങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ, ചിത്രം പുറത്തിറങ്ങിയ വേളയിൽ നജീബിന്റെ പ്രതികരണങ്ങളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. (Najeeb’s Response to Aadujeevitham Movie Release)

ആടുജീവിതം പ്രദര്‍ശനത്തിനെത്തുമ്പോള്‍ പൃഥിരാജിനൊപ്പം തന്നെ ശ്രദ്ധ നേടുകയാണ് നജീബും. ചിത്രത്തെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ അഭിപ്രായവും നജീബിന്‍റേത് തന്നെ. ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയെന്നാണ് ചിത്രം കണ്ടതിനുശേഷം നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു എന്നും നിര്‍ബന്ധം കൊണ്ട് സിനിമ കാണാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഒറ്റക്കാണ് വന്നതെന്നും തൻ്റെ ജീവിതം സിനിമയാവുന്നതില്‍‌ സന്തോഷമുണ്ടെന്നും നജീബ് പറഞ്ഞു.

ചിത്രം കണ്ട് താന്‍ കരഞ്ഞു പോയെന്നും, എല്ലാവരും ഈ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം പറയുന്നുണ്ട്. “പൃഥിരാജിനെ കണ്ടിരുന്നെങ്കില്‍‍ കെട്ടിപിടിച്ച് ഉമ്മ കൊടുക്കാമായിരുന്നു, ഞാന്‍ അനുഭവിച്ചത് അതുപോലെ പൃഥിരാജ് അഭിനയിച്ചിട്ടുണ്ട്” നിറകണ്ണുകളോടെയുള്ള നജീബിന്റെ വാക്കുകളാണിത്. താൻ രചിച്ച നോവലിന്റെ ഊര്‍ജ്ജം മുഴുവനും ചലച്ചിത്രത്തില്‍ അതുപോലെ പകര്‍ത്തിയെന്ന് സിനിമ കണ്ട ശേഷം നോവലിസ്റ്റ് ബെന്യാമിനും അഭിപ്രായപ്പെട്ടു.

Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

ഇന്ന് രാവിലെയായിരുന്നു ആടുജീവിതത്തിന്റെ ആദ്യ പ്രദര്‍ശനം. ചിത്രത്തിന്റെ ആദ്യപകുതി കഴിഞ്ഞതോടെ നിരവധി പോസിറ്റീവ് റിവ്യൂസ് ആണ് സിനിമാ ആരാധകര്‍ പുറത്തുവിടുന്നത്. ചിത്രത്തിന് സംസ്ഥാനത്തുടനീളം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

അറേബ്യന്‍ മരുഭൂമിയില്‍ വര്‍ഷങ്ങളോളം ഏകാന്ത ജീവിതം അനുഭവിച്ചു തീര്‍ത്ത നജീബിന്റെ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. ഏറെ നാളുകൾ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലാണ് ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. കൊവിഡും മറ്റ് പ്രതിസന്ധികളും വന്നതോടെ ചിത്രീകരണം കഴിഞ്ഞ വർഷം ജൂലൈ വരെ നീണ്ടു. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജോർദാനിലാണ്. 3 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ വർഷം പുറത്ത് വന്നിരുന്നു. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.

Story highlights: Najeeb’s Response to Aadujeevitham Movie Release