രാജ്യത്ത് 24 മണിക്കൂറിനിടെ 44,230 കൊവിഡ് കേസുകൾ; പകുതി രോഗബാധിതരും കേരളത്തിൽ

July 30, 2021
COVID-19 Cases

കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 44,230 പുതിയ കേസുകളാണ്. ഇതിൽ പകുതി കേസുകളും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. കേരളത്തിൽ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 22,064 കേസുകളാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 555 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.

അതേസമയം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 3,15,72,344 കൊവിഡ് കേസുകളാണ്. ഇതില്‍ 3,07,43,972 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 42,360 പേര്‍ രോഗമുക്തരായി. 97.38 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇന്ത്യയിൽ നിലവിൽ ചികിത്സയിൽ ഉള്ളത് 4,05,155 പേരാണ്. 4,23,217 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

Read also:ഇത് യുദ്ധത്തിന്റെ അവശേഷിപ്പല്ല; കൗതുകമായി ബാറ്റിൽഷിപ്പ് ഐലൻഡ്

അതേസമയം ഇന്ത്യയിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ 128 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി. 1,54,820 പേരാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,77,453 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,54,080 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്.

Story Highlights; India report more covid cases in kerala