രാധേ ശ്യാം റിലീസ് തീയതി പ്രഖ്യാപിച്ചു; കൊവിഡ് സാഹചര്യത്തിൽ അടുത്ത വർഷം തിയേറ്ററുകളിൽ

രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ പ്രഭാസും പൂജ ഹെഗ്ഡെയും അഭിനയിച്ച രാധേ ശ്യാമിന്റെ റിലീസ് തീയതിപ്രഖ്യാപിച്ചു. ഈ വർഷം ജൂലൈ 30 ന് ചിത്രം പ്രദർശനത്തിനെത്താനിരിക്കെ നിലവിലെ സാഹചര്യത്തിൽ തീയതി മാറ്റുകയായിരുന്നു. റിലീസ് 2022 ജനുവരി 14 ലേക്കാണ് മാറ്റിയത്. പ്രഭാസിന്റെ ചിത്രമുള്ള പോസ്റ്റാറിനൊപ്പമാണ് പുതിയ തീയതി പങ്കുവെച്ചിരിക്കുന്നത്.

ഇറ്റലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയകഥയാണ് രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന രാധേ ശ്യാം. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അതേസമയം, തെലങ്കാനയിലുടനീളമുള്ള ആശുപത്രികളിൽ കിടക്കകൾക്ക് വലിയ ക്ഷാമം നേരിട്ടപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിനു ഉപയോഗിച്ച കിടക്കകൾ ആശുപത്രികളിലേക്ക് എത്തിച്ചിരുന്നു രാധേ ശ്യാം ടീം. രാധേ ശ്യാമിന്റെ അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ നിശ്ചയിച്ചിരുന്നെങ്കിലും വൈറസിന്റെ രണ്ടാം തരംഗത്തെ തുടർന്ന് ഇത് നിർത്തിവെച്ചു. ഷൂട്ടിന്റെ ഭാഗമായി കിടക്കകൾ, സ്ട്രെച്ചറുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു വലിയ സെറ്റ് സ്ഥാപിച്ചിരുന്നു. ഇവയെല്ലാം സർക്കാർ ആശുപത്രികളിലേക്ക് സംഭാവന ചെയ്തിട്ടുണ്ട് ടീം.

Read More: രാജ്യത്ത് 24 മണിക്കൂറിനിടെ 44,230 കൊവിഡ് കേസുകൾ; പകുതി രോഗബാധിതരും കേരളത്തിൽ

അതേസമയം, പ്രശാന്ത് നീലിന്റെ ‘സലാർ’ എന്ന ചിത്രത്തിൽ ശ്രുതി ഹാസനൊപ്പവും, ഓം റൗത്തിന്റെ ആദിപുരുഷ്, നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ സിനിമകളിലും പ്രഭാസ് വേഷമിടുന്നുണ്ട്.

Story highlights- radhe shyam release date announced