‘പിതാവിനെ അനാഥാലയത്തിലാക്കി തിരികെ പോകുന്ന മകൻ’; സോഷ്യൽ ഇടങ്ങളിൽ വൈറലായ ചിത്രത്തിന് പിന്നിൽ

കഴിഞ്ഞ കുറച്ച് മണിക്കൂറുകളിയായി സോഷ്യൽ ഇടങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് പിതാവിനെ അനാഥാലയത്തിലാക്കി ഓട്ടോറിക്ഷയിൽ തിരികെ പോകുന്ന മകനെ നോക്കിനിൽക്കുന്ന അച്ഛന്റെ ചിത്രം. പിതാവിനെ വൃദ്ധസദനത്തിലാക്കുന്ന മകനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പലയിടങ്ങളിലും ഉയർന്നത്. എന്നാൽ ഈ ചിത്രത്തിന് പിന്നിലെ സത്യം അറിയാതെയാണ് പലരും ഈ ചിത്രത്തിലെ മകനെ വിമർശിക്കുന്നത്. ഇപ്പോഴിതാ ഈ അനാഥാലയത്തിന്റെ നടത്തിപ്പുകാരനായ ഫാദർ സന്തോഷ് ജോർജ് പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഫാദർ സന്തോഷ് ജോർജിന്റെ കുറിപ്പ് വായിക്കാം:

ഞാൻ പകർത്തിയ ഒരു ചിത്രമാണ്.. ഇന്ന് ബത് സേഥായിൽ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം..പക്ഷേ വൃദ്ധ നേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിൻ്റെ അകത്തേ മറവിൽ തല കുനിച്ചിരുപ്പുണ്ടായിരുന്നു.. തൻ്റെ സ്വന്തം മകൻ… മകൻ്റെ നിസഹായകതയിലാണ് ഈ പിതാവ് ഇവിടെ എത്തിയത് എന്നതും സത്യമാണ്…

ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നിൽപ്പ് തുടർന്നു.. എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓർമ്മകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീർക്കും..പക്ഷേ ഇവിടെ അദ്ദേഹത്തിന് ദു:ഖിക്കേണ്ടി വരില്ല… തനിച്ചുമായിരിക്കില്ല… 85 വയസുള്ള എൻ്റെ പിതാവ് തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയിൽ കസേരയിൽ ഇരുന്ന് ഈ കാഴ്ച കാണുന്നുണ്ടായിരുന്നു. ഞാനങ്ങോട്ട് ചെന്നു പറഞ്ഞു പുതിയ ആൾ വന്നതാണ്.. എൻ്റെ കൈയിൽ ബലം കുറഞ്ഞ ആ കൈകൾ ഒന്നു മുറുകെ പിടിച്ച് എനിക്ക് ഒരു ചിരി നൽകി… ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.. ഫാദർ കുറിച്ചു.

Read also: പൊട്ടിയ ഹോക്കി സ്റ്റിക്കിൽ പരിശീലനം, ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ ക്യാപ്റ്റനായ റാണി രാംപാലിന്റെ ജീവിതം…

അനാഥർക്കും നിർധനരായവർക്കും വേണ്ടിയുള്ള ആശ്രയ കേന്ദ്രമാണ് പത്തനംതിട്ടയിലെ ബത് സേഥാ. പത്തനംതിട്ട സ്വദേശിയായ പിതാവിനെ വീട്ടിൽ തനിയെ നിർത്താൻ കഴിയാത്തതിനാലാണ് ഈ മകൻ അനാഥമന്ദിരത്തിലേക്ക് മാറ്റിയത്. തൃശൂർ ജില്ലയിലെ കാടിനോടടുത്താണ് മകൻ ജോലി ചെയ്യുന്നത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സാഹചര്യത്തിലാണ് ഈ മകൻ പിതാവിനെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്.

Story highlights: story behind the viral photo of son leaving father at orphanage