24 മണിക്കൂറിനിടെ രാജ്യത്ത് 42,909 പുതിയ കൊവിഡ് രോഗികള്‍, 380 മരണവും

COVID-19 Cases

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 42,909 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 29,836 രോഗികളും കേരളത്തില്‍ നിന്നുള്ളവരാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 380 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്താകെ ഇതുവരെ 4,38,210 പേരുടെ ജീവനാണ് കൊവിഡ് മഹാമാരി കവര്‍ന്നത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,76,324 രോഗികള്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്നലെ മാത്രം 34,763 പേര്‍ കൊവിഡില്‍ നിന്നും മുക്തരായി. 3,19,23,405 പേരാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായത്.

നാളുകള്‍ ഏറെ പിന്നിട്ടു കൊവിഡ് എന്ന മഹാമാരി നമ്മെ അലട്ടി തുടങ്ങിയിട്ട്. കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം, വാക്‌സിനേഷന്‍ തുടങ്ങിയ പ്രതിരോധങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.

Story highlights: India reports 42,909 new Covid-19 cases, 380 deaths in the last 24 hours