ഒലിവർ ട്വിസ്റ്റ് ഇനി ഇഖ്ബാൽ; ‘മെയ്‌ഡ്‌ ഇൻ ക്യാരവാൻ’ പ്രേക്ഷകരിലേക്ക്

indrans

മലയാളി സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയതാണ് ചലച്ചിത്രതാരം ഇന്ദ്രൻസ്. ഹാസ്യതാരത്തിൽ നിന്നും മികച്ച നടനിലേക്ക് നടന്നുകയറിയ ഇന്ദ്രൻസ് ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇന്ദ്രൻസിനെ മുഖ്യകഥാപാത്രമായി റോജിൻ തോമസ് സംവിധാനം നിർവഹിച്ച ഹോം എന്ന ചിത്രം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തതാണ്. ചിത്രത്തിൽ ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിച്ചത്.

ഇപ്പോഴിതാ ഇന്ദ്രൻസ് മുഖ്യകഥാപാത്രമാകുന്ന മറ്റൊരു ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമ പ്രേമികളിൽ ആവേശം നിറയ്ക്കുന്നത്. മെയ്‌ഡ്‌ ഇൻ ക്യാരവാൻ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജോമി കുര്യാക്കോസാണ്. ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ഇഖ്ബാൽ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. പുതുമുഖം പ്രിജിൽ, അന്നു ആന്റണി, ആൻസൻ പോൾ, മിഥുൻ രമേഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമാ കഫേ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്‍ജു ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. 

Read also:കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന താഴ്വാരങ്ങൾ; കാഴ്ചയിൽ അതിശയിപ്പിച്ച് ഏഷ്യയിലെ ഏറ്റവും ഉയർന്ന ഗ്രാമം

അതേസമയം ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ നടനാണ് ഇന്ദ്രൻസ്. വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ലോന. ബിജു ബെർണാഡ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു നഗരത്തിൽ ഒറ്റപെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്. ഇന്ദ്രൻസിനെ മുഖ്യകഥാപാത്രമാക്കി നവാഗത സംവിധായകൻ അശോക് ആർ കലീത്ത ഒരുക്കുന്ന ചിത്രമാണ് ‘വേലുക്കാക്ക’. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അശോക് ആണ്.

Story highlights:indrans as iqbal in new movie