കോമഡി താരമായതിനാൽ പലപ്പോഴും ക്ലൈമാക്സ് സീനിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു- മനസുതുറന്ന് ഇന്ദ്രൻസ്

June 13, 2022
ഇന്ദ്രൻസ്- ലാളിത്യംകൊണ്ടും അഭിനയമികവുകൊണ്ടും മലയാളി മനസ്സിൽ ഇടംനേടിയ ചലച്ചിത്രതാരമാണ് ഇന്ദ്രൻസ്. സിനിമയിൽ കോസ്റ്റും അസിസ്റ്റന്റായി വന്ന് പിന്നീട് ചെറിയ കോമഡി വേഷങ്ങളിലൂടെയും അവിടെ നിന്നും ശക്തമായ കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ പ്രിയതാരമായി ഉയർന്ന നടനാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ എത്തിയ താരം തന്റെ സിനിമ ജീവിതത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ്. 

സിനിമ എന്ന ആഗ്രഹം മനസ്സിൽ ഉദിച്ചത് മധു സാറിന്റെ ചിത്രങ്ങൾ കണ്ടതോടെയാണ്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ ആദ്യമായി അടുത്തുകണ്ടത് നടൻ മധുവിനെയാണെന്നും അദ്ദേഹത്തിന്റെ സിനിമകളോട് വലിയ താത്പര്യമായിരുന്നുവെന്നും പറയുന്ന ഇന്ദ്രൻസ് അദ്ദേഹത്തെ കാണാനായി ഒരുപാട് തവണ വീടിന്റെ അടുത്തേക്ക് പോയിരുന്നുവെന്നും പറയുന്ന താരം താൻ ആദ്യമായി വീട്ടിൽ നിന്നും നാട് വിട്ട് പോയത് പോലും മധു സാറിന്റെ വീടിന്റെ ദൂരത്തേക്കായിരുന്നു എന്നാണ് പറഞ്ഞത്.

സിനിമയിൽ ആദ്യകാലങ്ങളിൽ കോമഡി നടനായാണ് ഇന്ദ്രൻസ് വേഷമട്ടിരുന്നത്. പല സിനിമകളുടെയും ക്ലൈമാക്സ് സീനുകളിൽ നിന്നും ചിത്രത്തിന്റെ സീരിയസ്നസ് പോകും എന്ന പേരിൽ കോമഡി വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നവർ ഒഴിവാക്കാപ്പെടാറുണ്ടായിരുന്നു എന്നും താരം പറഞ്ഞു. അത്തരത്തിൽ താനും ഒഴിവാക്കപ്പെട്ടിരുന്നുവെന്നും താൻ വേദിയിൽ പറയുന്നുണ്ട്.

Read also; കാഴ്ചയിൽ അതിസുന്ദരി പക്ഷെ കയറിച്ചെല്ലാൻ അത്ര എളുപ്പമല്ല; വിലക്കപ്പെട്ട ഗ്രാമത്തിന്റെ പ്രത്യേകതകൾ

അതേസമയം സിനിമയിൽ കോസ്റ്റും സഹായിയായി വന്ന് പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇപ്പോൾ വെള്ളിത്തിരയിൽ ശക്തമായ കഥാപാത്രങ്ങളുമായി ഏറെ തിരക്കുള്ള നടനായി മാറിയ താരമാണ് ഇന്ദ്രൻസ്. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ ഇന്ദ്രൻസ് അദ്ദേഹത്തിന്റെ ലാളിത്യം കൊണ്ടും കൂടിയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന അറിവിന്റെ വേദിയിൽ മത്സരിക്കാൻ എത്തിയിരിക്കുകയാണ് താരം.

Story highlights: Actor Indrans about the day people avoided him