കൂടുതൽ തിയേറ്ററുകൾ തുറക്കുന്നു; റിലീസിനൊരുങ്ങി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം- ‘തലൈവി’

August 26, 2021

കൊവിഡ് പാശ്ചാത്തലത്തിൽ സിനിമ മേഖല ഉൾപ്പടെ കഴിഞ്ഞ കുറച്ച് നാളുകളായി നിശ്ചലമായിരുന്നു. എന്നാൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളും കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് സിനിമ മേഖല ചിത്രീകരണങ്ങൾ ആരംഭിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ തിയേറ്ററുകളും തുറന്നുകഴിഞ്ഞു. തമിഴ്‌നാട്ടിൽ ഇന്ന് മുതൽ കൂടുതൽ തിയേറ്ററുകൾ തുറക്കാൻ തീരുമാനം ആയിട്ടുണ്ട്. അതേസമയം കൂടുതൽ പുതിയ റിലീസുകൾ ഇല്ലാത്തത് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട്.

ഇപ്പോഴിതാ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവി തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ബോളിവുഡ് നടി കങ്കണ റണൗത്ത് ആണ് ചിത്രത്തിൽ നായികയാകുന്നത്. കൊവിഡ് പ്രതിസന്ധി കാരണം റിലീസ് നീളുന്ന ചിത്രം സെപ്റ്റംബർ 10-നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. എ എൽ വിജയ് സംവിധാനം ചെയ്യുന്ന തലൈവി ജെ ജയലളിതയുടെ സിനിമാ ജീവിതം മുതൽ രാഷ്ട്രീയ ജീവിതം വരെ പങ്കുവയ്ക്കുന്ന ചിത്രമാണ്. ചിത്രത്തിൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ വേഷത്തിൽ അരവിന്ദ് സ്വാമിയാണ് എത്തുന്നത്.

മുൻപ്, ക്വീൻ എന്ന വെബ് സീരിസിലും എം ജി ആറായി വേഷമിട്ടത് അരവിന്ദ് സ്വാമിയായിരുന്നു. ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. വിബ്രി കര്‍മ്മ മീഡിയ എന്നിവയുടെ ബാനറില്‍ വിഷ്ണു വരര്‍ധനും ശൈലേഷ് ആര്‍ സിംഗും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Read also:2021-ല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിച്ച ഹാഷ്-ടാഗ്

അതേസമയം ഒടിടി റിലീസ് ചെയ്ത സർപ്പട്ടെ പരമ്പരൈ അടക്കമുള്ള ചിത്രങ്ങളും ഉടൻ തിയേറ്ററുകളിലേക്കെത്തിയേക്കും. കൂടാതെ, പുതിയ സിനിമകളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ സെപ്റ്റംബർ ആദ്യവാരം മുതൽ ഉണ്ടാകും.

Story highlights: More theatres opening