ചിരിപ്പിച്ച് കിഡ്നാപ്പർ ഡിസ്‌നിയും കൂട്ടരും; ശ്രദ്ധനേടി ‘പിടികിട്ടാപ്പുള്ളി’ ട്രെയ്‌ലർ

August 26, 2021

സിനിമ പ്രേമികൾക്കിടയിൽ ആവേശം നിറയ്ക്കുകയാണ് സണ്ണി വെയ്‌നും അഹാന കൃഷ്ണയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ. പിടികിട്ടാപ്പുള്ളി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിഷ്ണു ശ്രീകണ്ഠനാണ്. ക്രൈം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ത്രില്ലർ ചിത്രത്തില്‍ നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഇത് ശരിവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. സണ്ണി വെയ്‌നും അഹാനയ്ക്കുമൊപ്പം സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രവും ചിത്രത്തിൽ ഏറെ ശ്രദ്ധനേടുന്നുണ്ട്. കിഡ്നാപ്പർ ഡിസ്‌നി എന്നാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മെറീന മൈക്കിള്‍, ലാലു അലക്സ്, ബൈജു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഗോകുലും മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം. ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സ്റ്റുഡിയോസിലൂടെ ഓഗസ്റ്റ് 27 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും.

Read also:‘മലയാളി പൊളിയാണ് ചങ്കാണ് മലയാളി…’; ഗംഭീര റാപ്പ് പ്രകടനവുമായി അസീസിക്കയും ടീമേട്ടനും

പിഎസ് ജയഹരിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിനായക് ശശികുമാര്‍, മനു മഞ്ജിത് തുടങ്ങിയവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നു. അന്‍ജോയ് സാമുവല്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിപിന്‍ പോള്‍ സാമുവല്‍ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.

Story highlights: Sunny Wayne And Ahaana Krishna Pidikittapulli Official trailer