വിട്ടൊഴിയാതെ കൊവിഡ് ഭീതി; 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 31,923 പേര്‍ക്ക്

September 23, 2021
new Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടിതുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ മാസ്‌ക്, സാനിറ്റൈസര്‍, സമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ നാം കൂടുതല്‍ ജാഗ്രതയോടെ തുടരേണ്ടിയിരിക്കുന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 31,923 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33,563,421 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,01,640 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.90 ശതമാനമാണ് നിലവില്‍ സജീവരോഗികളുടെ എണ്ണം.

ഇന്നലെ മാത്രം 282 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4.46 ലക്ഷം പേരുടെ ജീവനാണ് ഇന്ത്യയിലാകെ ഇതുവരെ കൊവിഡ് കവര്‍ന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 31,990 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 97.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Story highlights: 31,923 New Covid cases reported in India