ഇത് സൗഹൃദത്തിന്റെ ആഘോഷം- സിനിമയിലെ സുഹൃത്തുക്കൾക്കൊപ്പം നൃത്തവുമായി ഭാവന

സൗഹൃദങ്ങൾക്ക് എന്നും മുൻഗണന നൽകുന്ന നായികയാണ് ഭാവന. വിവാഹ ശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും നടി സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്. രമ്യ നമ്പീശൻ, ശില്പ ബാല, മൃദുല, ഗായിക സയനോര തുടങ്ങിയവരാണ് ഭാവനയുടെ സിനിമാ സുഹൃത്തുക്കൾ.

ഇപ്പോഴിതാ, ഇടവേളയ്ക്ക് ശേഷം സുഹൃത്തുക്കൾ എല്ലാവരും ഒത്തുചേർന്ന സന്തോഷം പങ്കുവയ്ക്കുകയാണ് നടി ഭാവന. എല്ലാവരും ചേർന്ന് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഭാവന പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിലും കന്നടയിലും അവിസ്മരണീയമായ ഒട്ടേറെ വേഷങ്ങൾ അവതരിപ്പിച്ച നടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂർ സ്ഥിര താമസമാക്കിയ നടി ഇപ്പോൾ കന്നഡ ചിത്രങ്ങളിൽ മാത്രമാണ് വേഷമിടുന്നത്. ഭാവന നായികയായ കന്നഡ ചിത്രം ഇൻസ്‌പെക്ടർ വിക്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു.

അതേസമയം ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കന്നഡ ചിത്രമാണ് ഭജറംഗി. ഭാവനയും സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ഒന്നിക്കുന്ന കന്നഡ ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കുന്നത്. ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഇതിനോടൊപ്പം, ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്ന ചിത്രമാണ് ഭാവനയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.