അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ഹിറ്റ്; ഈ താരജോഡികളെ മനസ്സിലായോ എന്ന് സോഷ്യല്‍മീഡിയ

Childhood images of Jayan and Seema

ചലച്ചിത്രലോകത്ത് അഭിനയ വിസ്മയങ്ങള്‍ ഒരുക്കിയ താരങ്ങളുടെ വേറിട്ട ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ ചില കുട്ടിക്കാല ചിത്രങ്ങള്‍. സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നതും അത്തരത്തിലുള്ള രണ്ട് ചിത്രങ്ങളാണ്. ഒരു കാലത്ത് ഹിറ്റ് ജോഡികളായിരുന്ന ഈ താരങ്ങളെ കണ്ടെത്താമോ എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ എണ്ണവും ചെറുതല്ല.

മലയാള ചലച്ചിത്ര ലോകത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച രണ്ട് താരങ്ങളാണ് ഈ ചിത്രത്തില്‍. ഒന്ന് മഹാനടന്‍ ജയന്റെ കുട്ടിക്കാല ചിത്രം. മറ്റൊന്നാകട്ടെ നടി സീമയുടെ കുട്ടിക്കാല ചിത്രവും. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മലയാള സിനിമാ കാലഘട്ടത്തെ വീണ്ടും ഓര്‍മപ്പൈടുത്തുകയാണ് താരങ്ങളുടെ ഈ കുട്ടിക്കാല ചിത്രങ്ങള്‍.

അവതരിപ്പിയ്ക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണതയിലെത്തിച്ച് കൈയടി നേടിയിട്ടുള്ള താരങ്ങളാണ് ജയനും സീമയും. നിരവധിയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള കഥാപാത്രങ്ങളും. അങ്ങാടി, കരിമ്പന, മനുഷ്യമൃഗം, മൂര്‍ഖന്‍, തടവറ, ബെന്‍സ് വാസു, ചാകര തുടങ്ങി നിരവധി ചിത്രങ്ങളില്‍ ജയനും സീമയും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്.

പതിനാലാം വയസ്സില്‍ തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് സീമ. ഐവി ശശിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ താരം വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ സീമ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്.

ഗംഭീരമായ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ താരമാണ് ജയന്‍. മഹാനടന്‍ എന്ന് താരത്തെ ചലച്ചിത്ര ലോകം വാഴ്ത്തി. വേറിട്ട ശൈലിയും വേഷവിധാനവുമെല്ലാം താരത്തെ ശ്രദ്ധേയനാക്കി. മരണം കവര്‍ന്നെടുത്തെങ്കിലും ജയന്റെ ഓര്‍മകള്‍ ഇന്നും ചലച്ചിത്ര ലോകത്ത് നിന്നും വിട്ടകന്നിട്ടില്ല.

Story highlights: Childhood images of Jayan and Seema