‘സമയമാകുമ്പോൾ എല്ലാവരും സിനിമ കാണുകയും ‘കുറുപ്പി’ൽ അതിഥി വേഷങ്ങൾ ചെയ്യുന്നവരെ നേരിട്ട് കാണുകയും ചെയ്യും’- വ്യാജ വാർത്തകൾക്ക് എതിരെ ദുൽഖർ സൽമാൻ

ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ ഏറ്റവും പ്രതീക്ഷയേറിയ സിനിമകളിൽ ഒന്നാണ്. സിനിമയെക്കുറിച്ചുള്ള ഓരോ വിവരങ്ങളും പ്രേക്ഷകരിലേക്ക് നടനും നിർമാതാവുമായ ദുൽഖർ സൽമാനും കൃത്യമായി എത്തിക്കാറുണ്ട്. എന്നിരുന്നാലും സിനിമയെക്കുറിച്ച് നിരവധി വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ദുൽഖർ സൽമാൻ പങ്കുവയ്ക്കുന്നു. അടുത്തിടെ ചിത്രത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ അതിഥി വേഷത്തിൽ എത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതിന് മറുപടി നൽകുകയാണ് ദുൽഖർ സൽമാൻ.

‘കുറുപ്പി’നെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ കാണാൻ രസകരമാണെങ്കിലും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് താരം പങ്കുവെച്ചു. ‘കുറുപ്പിൽ’ ആരാണ് അതിഥി വേഷങ്ങൾ ചെയ്യുന്നതെന്ന് പ്രേക്ഷകർക്ക് മനസ്സിലാകുമെന്നും നടൻ പറയുന്നു.

‘കുറുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കാണുന്നത് പ്രോത്സാഹജനകമാണ്, ഉടൻ തന്നെ സിനിമ നിങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. എന്നിരുന്നാലും, ഇപ്പോൾ ധാരാളം വ്യാജ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. സമയമാകുമ്പോൾ, നിങ്ങൾ എല്ലാവരും സിനിമ കാണുകയും കുറുപ്പിൽ അതിഥി വേഷങ്ങൾ ചെയ്യുന്നവരെ നേരിട്ട് കാണുകയും ചെയ്യും. എങ്കിലും ഇപ്പോൾ പ്രചരിക്കുന്നതൊന്നും ശരിയല്ല, ഈ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്താൻ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ആരാധകർക്ക് പ്രതീക്ഷകൾ ഉണ്ടാകുന്നതും അവരെ നിരാശപ്പെടുത്തുന്നതും ന്യായമല്ല’- ദുൽഖർ സൽമാൻ കുറിക്കുന്നു.

read More: ‘ഇങ്ങനെയും ഒരു മുഖമുണ്ടായിരുന്നു’- ഓർമ്മ ചിത്രവുമായി പ്രേക്ഷകരുടെ ഇഷ്ടതാരം

അതേസമയം, ദുൽഖറിനൊപ്പം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശ്രീനാഥ് രാജേന്ദ്രനാണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. 9 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കുറുപ്പ്.

Story highlights- Dulquer Salmaan about spreading fake information