എന്നോടുള്ള ഇഷ്ടംകൊണ്ട് സ്വന്തംപേര് മമ്മൂട്ടി സുബ്രൻ എന്നാക്കി- ആരാധകന്റെ വിയോഗ വാർത്ത പങ്കുവെച്ച് താരം

മമ്മൂട്ടിയുടെ ആരാധകൻ എന്ന നിലയിൽ ശ്രദ്ധേയനായ തൃശൂർ സ്വദേശി സുബ്രൻ അന്തരിച്ചു. മമ്മൂട്ടി തന്നെയാണ് പ്രിയ ആരാധകന്റെ വിയോഗവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ശ്വാസതടസത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുബ്രൻ വിടപറഞ്ഞത്.

സുബ്രനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി മരണ വാർത്ത പങ്കുവെച്ചത്. ‘വർഷങ്ങളായി അറിയുന്ന സുബ്രൻ വിടവാങ്ങി… എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര്‌ “മമ്മുട്ടി സുബ്രൻ” എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികൾ’- മമ്മൂട്ടി കുറിക്കുന്നു.

ചുമട്ടുതൊഴിലാളിയായ സുബ്രൻ മമ്മൂട്ടി ചിത്രങ്ങൾ ഒട്ടേറെ തവണ കാണാറുണ്ടായിരുന്നു. മമ്മൂട്ടിയെ ദൈവ തുല്യം കണ്ടിരുന്ന സുബ്രൻ അദ്ദേഹത്തിന്റെ ചിത്രവും ദൈവങ്ങളുടെ ചിത്രങ്ങൾക്കൊപ്പം സൂക്ഷിച്ചിരുന്നു. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന സുബ്രൻ എന്നെങ്കിലും ലോട്ടറിയടിച്ചാൽ മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ നിർമിക്കണമെന്നും സുബ്രൻ ആഗ്രഹിച്ചിരുന്നു.

Story highlights- mammootty fan subran passed away