മെഡൽ നേടാൻ ട്രാക്കിലിറങ്ങി തപ്‌സി പന്നു; ‘രശ്മി റോക്കറ്റ്’ ട്രെയ്‌ലർ

കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറുള്ള ചലച്ചിത്രതാരങ്ങളിൽ ഒരാളാണ് ബോളിവുഡ് താരം തപ്‌സി പന്നു. ഒട്ടേറെ ചിത്രങ്ങളാണ് തപ്‌സി നായികയായി അണിയറയിൽ ഒരുങ്ങുന്നത്. ബയോപിക് ചിത്രങ്ങളിലാണ് നടി ഇപ്പോൾ അധികവും അഭിനയിക്കുന്നത്.  ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാനും ഒരുങ്ങുകയാണ് തപ്‌സി. മിതാലിയാകാനുള്ള തപ്സിയുടെ പരിശീലന ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, തപ്‌സി കായിക താരമായി എത്തുന്ന മറ്റൊരു ചിത്രമാണ് രശ്മി റോക്കറ്റ്. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി.

ഇന്റർനാഷണൽ വേദിയിൽ ഇന്ത്യയ്ക്കായി മത്സരിക്കാൻ ആഗ്രഹിക്കുന്ന കഥാപാത്രമാണ് തപ്‌സി പന്നുവിന്റെത്. കരിയറിൽ ഉയർന്നു പോകേണ്ട സാഹചര്യത്തിൽ ഒരു പ്രതിസന്ധി വരുന്നതും അതിനെ തപ്‌സി അതിജീവിക്കുന്നതും ചിത്രം പങ്കുവയ്ക്കുന്നു. ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാൻഷു പെയിൻയുളി, അഭിഷേക് ബാനർജി, സുപ്രിയ പതക് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read More: കേന്ദ്ര കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസന്‍; ‘വീകം’ ഒരുങ്ങുന്നു

ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘അനബൽ സേതുപതി’ എന്ന് പേരിട്ടിരിക്കുന്ന ഹൊറർ കോമഡി ചിത്രത്തിലാണ് തപ്‌സി ഏറ്റവും ഒടുവിൽ വേഷമിട്ടത്. വിജയ് സേതുപതിയാണ് നായകൻ.

Story highlights- rashmi rocket trailer