‘സ്വപ്നത്തിൽ പോലും കാണുമെന്ന് വിചാരിക്കാത്തയാൾ ദാ, കയ്യെത്തും ദൂരത്ത്’; സന്തോഷം പങ്കുവെച്ച് സായ് പല്ലവി- വിഡിയോ

സിനിമാലോകത്തേക്ക് പ്രേമത്തിലൂടെ മലർ മിസ്സായി കടന്നുവന്ന നടിയാണ് സായ് പല്ലവി. നൃത്തവേദിയിൽ നിന്നും അഭിനയ ജീവിതത്തിലേക്ക് ചുവടുവെച്ച സായ് പല്ലവി പിന്നീട് ഒട്ടേറെ സിനിമകളിൽ സജീവ സാന്നിധ്യമായി. മാത്രമല്ല, പലർക്കും ആത്മവിശ്വാസം പകരുന്ന മുഖമായി മാറാനും സായ് പല്ലവിക്ക് സാധിച്ചു. സായ് പല്ലവി നായികയായ ലവ് സ്റ്റോറി എന്ന ചിത്രമാണ് ഏറ്റവുമൊടുവിൽ റിലീസ് ചെയ്തത്.

നാഗചൈതന്യ ആണ് ചിത്രത്തിൽ നായകനായി എത്തിയത്. ചിത്രത്തിന്റെ പ്രീ റിലീസ് വേദിയിൽ ആമിർ ഖാനെ കണ്ടുമുട്ടിയ സന്തോഷം സായ് പല്ലവി പങ്കുവയ്ക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കുട്ടിക്കാലം മുതൽ ആമിർ ഖാന്റെ ആരാധിക ആണെന്നും കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്നുമാണ് നടി പറയുന്നത്.

‘ആമിർ സാർ, സ്വപ്നം സത്യമായ നിമിഷമാണ് ഇതെന്ന് എനിക്ക് പറയാനാവില്ല. കാരണം ഇത്തരമൊരു നിമിഷം ഞാൻ സങ്കൽപ്പിച്ചിട്ടു കൂടിയില്ല, ഇത് സാധ്യമാവുമെന്നും കരുതിയിരുന്നില്ല. താങ്കൾ ലോകത്തിന്റെ മറ്റൊരു കോണിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു. ഇപ്പോൾ, താങ്കളുടെ അടുത്ത് രണ്ടടി അകലത്തിൽ ഞാൻ. ഇതൊരു സ്വപ്നസമാനമായ അനുഭവമാണ്.’ ആമിർ ഖാന്റെ പ്രചോദനാത്മകമായ ജീവിതത്തെ കുറിച്ചും സായ് പല്ലവി പങ്കുവെച്ചു.

അഭിനേത്രി എന്നതിലുപരി നർത്തകിയായി അറിയപ്പെടുന്ന സായി പല്ലവിയുടെ നൃത്ത വൈഭവമാണ് ലവ് സ്റ്റോറിയുടെ പ്രത്യേകത. നായകനായ നാഗ ചൈതന്യയും നർത്തകനായാണ് എത്തുന്നത്. ഇരുവരുടെയും പ്രണയവും ഒളിച്ചോട്ടവുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.

Read More: വലിമൈ ടീം വീണ്ടും ഒന്നിക്കുന്നു; അജിത് കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം

കൊവിഡ് പ്രതിസന്ധിയും തുടർന്നുള്ള ലോക്ക് ഡൗണും കാരണം ആറുമാസത്തെ ഇടവേള ‘ലവ് സ്റ്റോറി’ യുടെ ചിത്രീകരണത്തിലുണ്ടായി. ആദ്യം നിന്നുപോയ സിനിമയുടെ ഷൂട്ടിങ് 2020 സെപ്റ്റംബർ മുതലാണ് ഹൈദരാബാദിൽ പുനരാരംഭിച്ചത്. ഏഷ്യൻ സിനിമാസ്, അമിഗോസ് ക്രിയേഷൻസ്, ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്നിവ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാന്റെ സംഗീത സ്ഥാപനത്തിലെ വിദ്യാർത്ഥിയായ പവനാണ്.

Story highlights- sai pallavi about aamir khan