പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാം

May 26, 2023
Tips to reduce dark circles on eyes

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ്. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരേയും ഈ പ്രശ്‌നം അലട്ടാറുണ്ട്. പലവിധമായ കാരണങ്ങള്‍ക്കൊണ്ടാണ് കണ്ണുകള്‍ക്ക് ചുറ്റും ഡാര്‍ക് സര്‍ക്കിള്‍ രൂപപ്പെടുന്നത്. അമിതമായ മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, സ്മാര്‍ട് ഫോണുകളുടേയും കമ്പ്യൂട്ടറുകളുടേയും അമിതമായ ഇപയോഗം തുടങ്ങിയവയെല്ലാം കണ്ണിന് ചുറ്റും ഡാര്‍ക്ക് സര്‍ക്കിള്‍ രൂപപ്പെടാന്‍ കാരണമാകുന്നു.

ഇതില്‍ നിന്നും മോചനം നേടാന്‍ ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കാറുണ്ട് ചിലര്‍. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ തന്നെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നമുക്ക് അകറ്റാന്‍ സാധിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യഗുണങ്ങളാല്‍ സമ്പന്നമായ കറ്റാര്‍വാഴയുടെ ജെല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറഞ്ഞ ഭാഗത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം ഇത് കഴുകി കളയാവുന്നതുമാണ്.

Read Also: രണ്ടുപേരും കൂടി എന്റെ മടിയിൽ ഇരുന്നാൽ കാലുണ്ടാകുവോ പിന്നെനിക്ക്?- മേധക്കുട്ടിയുടെ ചോദ്യം ന്യായമാണ്!

അതുപോലെതന്നെ കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ച് കണ്‍തടത്തില്‍ വയ്ക്കുന്നതും നല്ലതാണ്. ഇത് കണ്ണുകളുടെ സ്‌ട്രെയിന്‍ കുറയ്ക്കാന്‍ സഹായിക്കുന്നതോടൊപ്പം ഡാര്‍ക് സര്‍ക്കിളും അകറ്റുന്നു. ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കുന്ന തക്കാളിനീരും കണ്ണിന് ചുറ്റും പുരട്ടുന്നതും കണ്‍തടങ്ങളിലെ കറുപ്പ് മാറാന്‍ ഗുണകരമാണ്.

നല്ലതുപോലെ തണുത്ത കട്ടന്‍ ചായ അല്‍പം പഞ്ഞിയില്‍ മുക്കിയ ശേഷം ഡാര്‍ക്ക് സര്‍ക്കിള്‍ ഭാഗത്ത് വയ്ക്കുന്നതും കറുപ്പ് അകറ്റാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം പത്ത് മിനിറ്റ് വീതം ഇങ്ങനെ ചെയ്താല്‍ അത് കണ്ണുകളുടെ ഭംഗി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങളും പത്ത് മിനിറ്റ് നേരം കണ്ണില്‍ വയ്ക്കുന്നത് ഡാര്‍ക് സര്‍ക്കിള്‍ അകറ്റാന്‍ സഹായിക്കുന്നു.

Story highlights: Tips to reduce dark circles on eyes