അനുകരണകലയിൽ അതിശയിപ്പിച്ച് ഒരു പക്ഷി; ഹിറ്റായി കുഞ്ഞുങ്ങളുടെ ശബ്ദത്തിൽ കരയുന്ന വിഡിയോ

September 4, 2021

രസകരമായ കഴിവുകൾ ഉള്ള നിരവധി പക്ഷികളെയും മൃഗങ്ങളെയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പലരും പരിചയപ്പെടുത്തിക്കഴിഞ്ഞു. ഇപ്പോഴിതാ അത്തരത്തിൽ ഏറെ കൗതുകമാകുകയാണ് ഒരു പക്ഷി. അനുകരണകലയിൽ മിടുമിടുക്കാനാണ് ഈ പക്ഷി. ഓസ്‌ട്രേലിയയിലെ ഒരു മൃഗശാലയിലാണ് കുട്ടികളുടെ കരച്ചിൽ അതേപടി അനുകരിക്കുന്ന ലയർബേർഡ് ഉള്ളത്. കേട്ടാൽ കുഞ്ഞുങ്ങൾ കരയുന്നതാണെന്നേ തോന്നുകയുള്ളൂ. അത്രയ്ക്ക് ഒറിജിനാലിറ്റിയാണ് ഈ കരച്ചിലിനുള്ളത്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഈ വിഡിയോ ഇതിനോടകം നിരവധി കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

കൂടുതലായും ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന പക്ഷിയാണ് ലയർബേർഡ്സ്. അന്തരീക്ഷത്തിൽ കാണപ്പെടുന്ന വ്യത്യസ്തതരം ശബ്ദങ്ങൾ അനുകരിക്കുന്നതിൽ മിടുക്കരാണ് ഇത്തരം പക്ഷികൾ. ജീവികളുടെ ശബ്ദവും കൃത്രിമ ശബ്ദവും ഇവയ്ക്ക് അനുകരിക്കാൻ കഴിയും. എല്ലാ കാലത്തും ലയർ പക്ഷികൾ പാടാറുണ്ടെങ്കിലും ഇണചേരൽ കാലത്ത് ഇതിന്റെ തീവ്രത കൂടുതലായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.

Read also: ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍’…അടിപൊളി പാട്ടിന് ചുവടുവെച്ച് ടിജി രവി, വിഡിയോ

ഇത്തരം പക്ഷികൾ കാഴ്ചയിലും വളരെ മനോഹരമാണ്. ഇവയുടെ ആൺ വർഗത്തിൽപ്പെട്ട പക്ഷികൾക്ക് ആകർഷകമായ നീണ്ട വലുകളാണ് ഉള്ളത്. അപൂർവ്വമായി മാത്രമേ ഇവ പറക്കാറുള്ളു. ഉയർന്ന പ്രദേശങ്ങളിൽ നിന്നും താഴ്‌വാരങ്ങളിലേക്കാണ് ഇവ പറക്കുക. ഇവയുടെ പെൺപക്ഷികൾക്ക് 74- 84 സെന്റീമീറ്റർ വരെ വലിപ്പമുണ്ടാവും. ആൺപക്ഷികൾക്ക് 80 മുതൽ 98 സെന്റീമീറ്റർ വരെയാണ് നീളമുണ്ടാകുക. അതേസമയം 30 വർഷത്തോളമാണ് ഇവയുടെ ജീവിതദൈർഘ്യം. വലിയ രീതിയിൽ വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് ലയർ പക്ഷികൾ.

Story highlights; Video of Bird perfectly mimics crying baby