‘ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍’…അടിപൊളി പാട്ടിന് ചുവടുവെച്ച് ടിജി രവി, വിഡിയോ

September 4, 2021

മലയാളികൾക്ക് സുപരിചിതനാണ് 1970 -80 കാലഘട്ടത്തിൽ വില്ലൻ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ ചലച്ചിത്രതാരം ടി ജി രവി. വർഷങ്ങൾ നീണ്ടുനിന്ന സിനിമ ജീവിതത്തിനിടയിൽ ക്യാരക്ടർ റോളുകൾ ചെയ്തും ടി ജി രവി മലയാളി മനസിൽ നിറഞ്ഞുനിന്നു. ഇപ്പോഴിതാ അഭിനയത്തിനപ്പുറം നൃത്തത്തിലും ഒരു ചെറിയ പരീക്ഷണം നടത്തിയിരിക്കുകയാണ് എഴുപത്തേഴുകാരനായ അദ്ദേഹം.

1979 ൽ പുറത്തിറങ്ങിയ പ്രഭു എന്ന ചിത്രത്തിലെ ‘ഇന്നീ തീരം തേടും തിരയുടെ പാട്ടിന്‍’ എന്ന പാട്ടിനാണ് ടി ജി രവി ചുവടുവെച്ചിരിക്കുന്നത്. അതേസമയം കുടുംബത്തിനൊപ്പം അത്യുത്സാഹത്തോടെ നൃത്തം ചെയ്യുന്ന താരത്തിന്റെ വിഡിയോ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. സജ്‌ന നജാം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: പൊലീസ് ഓഫീസറായി ‘കുറ്റവും ശിക്ഷയും’ വിധിയ്ക്കാൻ ആസിഫ് അലി; ട്രെയ്‌ലർ

അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങിയ അദ്ദേഹം പാദസരം, ചാകര തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ചാകരയിൽ വില്ലനായി വേഷമിട്ട അദ്ദേഹം പിന്നീട് നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്തു. കുറച്ച് കാലങ്ങൾക്ക് ശേഷം സിനിമാമേഖലയിൽ നിന്നും വിരമിച്ച അദ്ദേഹം സിബി മലയിൽ സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ ലോകത്ത് സജീവ സാന്നിധ്യമായി മാറി. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ദി പ്രീസ്റ്റാണ് ടി ജി രവിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

Story highlights; tg ravi dance viral video