അഹാന കൃഷ്ണ സംവിധാന രംഗത്തേക്ക്; പിറന്നാൾ ദിനത്തിൽ ‘തോന്നല്’ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് നടി

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സംവിധാന രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ. പിറന്നാൾ ദിനത്തിലാണ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിലേക്ക് എത്തിയത്.

‘തോന്നല്’ എന്നാണ് ചിത്രത്തിന്റെ പേര്. ഷെഫിന്റെ വേഷത്തിലാണ് അഹാന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ചിത്രത്തിനെക്കുറിച്ച് അഹാന പങ്കുവെച്ചിരിക്കുന്ന വാക്കുകൾ ശ്രദ്ധനേടുകയാണ്.

‘6 മാസം മുമ്പ് ഇത് എന്റെ തലയിൽ മൊട്ടിട്ട ഒരു ചെറിയ വിത്തായിരുന്നു, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഞങ്ങൾ അതിന് സ്നേഹവും കരുതലും പോഷണവും നൽകി, അത് ജീവൻ പ്രാപിക്കുന്നത് നോക്കി. അതിനാൽ, ഇത് എന്റെ ആദ്യത്തെ കുഞ്ഞാണ്..ഞാൻ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഹൃദയത്തിൽ നിന്ന് ഒത്തുചേർന്നു. ഒക്ടോബർ 30 -ന്, തൊന്നൽ നിങ്ങളിലേക്ക് എത്തും..കൂടാതെ, എനിക്ക് ജന്മദിനാശംസകൾ..’- അഹാന കുറിക്കുന്നു.

Read More: ‘മഹാമാരിയില്‍ നിന്നും മാലോകരെ രക്ഷിക്കാനായി മഹാനടന്‍ സ്വയം മറന്നു പാടിയ ഗാനം’; നെടുമുടി വേണുവിന്റെ ഓര്‍മകള്‍ പങ്കുവെച്ച് കേരളാ പൊലീസും

അതേസമയം, നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന വേഷമിടുന്നുണ്ട്.

Story highlights- ahaana krishna’s debut directorial