യഥാർത്ഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണ്; മോഹൻലാൽ- ഷാജി കൈലാസ് ചിത്രം ‘എലോൺ’ ടൈറ്റിൽ പോസ്റ്റർ

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘എലോൺ’ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. യഥാർത്ഥ നായകൻ ജീവിതത്തിൽ ഒറ്റയ്ക്കാണ് എന്ന വിശേഷണത്തോടെയാണ് ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ‘ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും’ എന്നാണ് ടൈറ്റിൽ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞത്.

 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളൊക്കേയും തീയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ ചിത്രത്തിലും പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്ക്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം നിര്‍വഹിച്ച നരസിംഹം ആയിരുന്നു ആശിര്‍വാദിന്റെ നിര്‍മാണത്തിലൊരുങ്ങിയ ആദ്യ ചിത്രം. 

Read More: തിയേറ്ററുകൾ സജീവമാകുന്നു; ജോജു ജോർജ് നായകനായ ‘സ്റ്റാർ’ റിലീസിന്

രാജേഷ് ജയരാമനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അതേസമയം റെഡ് ചില്ലീസ് എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്. 2009-ലാണ് റെഡ് ചില്ലീസ് പ്രേക്ഷകരിലേക്കെത്തിയത്. പൃഥ്വിരാജ് നായകനായെത്തുന്ന കടുവ എന്ന ചിത്രവും ഷാജി കൈലാസിന്റെ സംവിധാനത്തില്‍ അണിയറയിലൊരുങ്ങുന്നുണ്ട്.

Story highlights- alone title poster