രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 14,313 പേര്‍ക്ക്

new Covid cases

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടി തുടങ്ങിയിട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ ജാഗ്രതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.

എന്നാല്‍ പ്രതിദിനം രാജ്യത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 14,313 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 224 ദിവസത്തിനിടെയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇത്.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 2,14,900 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.63 ശതമാനമാണ് നിലവില്‍ സജീവ രോഗികളുടെ എണ്ണം എന്നതും ആശ്വാസം പകരുന്നു.

രാജ്യത്തെ രോഗമുക്തി നിരക്കിലും വര്‍ധനവുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 26,579 പേര്‍ കൊവിഡില്‍ നിന്നും മുക്തരായി. രാജ്യത്താകെ ഇതുവരെ 3,33,20,057 പേരാണ് കൊവിഡ് മുക്തരായത്. 98.04 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Story highlights: India reports 14,313 new Covid cases