കേരളത്തിൽ തിയേറ്റർ തുറക്കുമ്പോൾ ആദ്യമെത്തുന്നത് അന്യഭാഷാ ചിത്രങ്ങൾ

October 24, 2021

കേരളത്തിൽ തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ സജീവമാകുകയാണ്. എന്നാൽ ആദ്യ ദിനത്തിൽ റിലീസിന് മലയാള ചിത്രങ്ങൾ ഒന്നുംതന്നെയില്ല. എല്ലാം അന്യഭാഷാ ചിത്രങ്ങളാണ്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ ആണ് ആദ്യം പ്രദർശനത്തിന് എത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ മുൻപ് തന്നെ റിലീസ് ചെയ്ത വെനം2, തമിഴ് ചിത്രം ഡോക്ടർ എന്നിവയാണ് പിന്നാലെ റിലീസ് ചെയ്യുന്നത്.

മലയാളത്തിൽ നിന്നും ആദ്യം റിലീസിന് എത്തുന്നത് ജോജു ജോർജ് നായകനായ സ്റ്റാർ എന്ന ചിത്രമാണ്. പിന്നാലെ നവംബർ 12ന് ദുൽഖർ സൽമാന്റെ ബ്രഹ്‌മാണ്ഡ ചിത്രം കുറുപ്പും തിയേറ്ററുകളിലേക്ക് എത്തും. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. തിയേറ്റർ റിലീസിനായി രണ്ടുവർഷത്തോളമായി മരയ്ക്കാർ കാത്തിരിക്കുകയാണ്. ഉടൻ തന്നെ മരക്കാറും തിയേറ്ററുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ഈ ചിത്രവും തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.

Story highlights- kerala theatres to reopen