കേരളത്തിൽ തിയേറ്ററുകൾ സജീവമാകുന്നു; തിയേറ്റർ റിലീസ് ഉറപ്പിച്ച് മരയ്ക്കാറും ആറാട്ടും

October 19, 2021

തിയേറ്ററുകൾ തുറക്കാൻ തീരുമാനമായ സാഹചര്യത്തിൽ തിയേറ്റർ റിലീസ് ഉറപ്പിച്ച് മോഹൻലാൽ ചിത്രങ്ങളായ ‘മരയ്ക്കാർ, അറബിക്കടലിന്റെ സിംഹ’വും ആറാട്ടും. തിയേറ്റർ ഉടമകളുടെ സംഘടനകൾ നടത്തിയ ചർച്ചയിലാണ് ഇരു ചിത്രങ്ങളുടെയും റിലീസ് തീരുമാനമായത്. ഒക്ടോബർ 25 തിങ്കളാഴ്ച മുതലാണ് തിയേറ്റർ സജീവമാകുന്നത്.

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് പലതവണ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. തിയേറ്റർ റിലീസിനായി രണ്ടുവർഷത്തോളമായി മരയ്ക്കാർ കാത്തിരിക്കുകയാണ്.

മോഹൻലാലിനൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. താരപുത്രന്മാരും താരപുത്രികളും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. 

Read More: മിയക്കുട്ടിക്ക് ഒരു ക്യൂട്ട് പിറന്നാൾ സമ്മാനം- മിയയുടെ ഗാനത്തിന് ചുവടുവെച്ച് മേഘ്‌ന; വിഡിയോ

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഉദയ്കൃഷ്ണയുടേതാണ് ആറാട്ട് എന്ന ചിത്രത്തിന്റെ തിരക്കഥ. മാടമ്പി, ഗ്രാന്‍ഡ് മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്, വില്ലന്‍, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉദയ് കൃഷ്ണയും ഒരുമിക്കുകയാണ് പുതിയ ചിത്രത്തില്‍. ഉദയ് കൃഷ്ണ- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രമൊരുങ്ങുന്നതും ഇത് ആദ്യമായാണ്.

Story highlights- marakkar arabikadalinte simham and arattu movie release announcement