2012ൽ നയൻ‌താര അഭിനയിച്ച ചിത്രം കാത്തിരിപ്പിനൊടുവിൽ റിലീസിന്- ശ്രദ്ധനേടി ട്രെയ്‌ലർ

ഗോപിചന്ദും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്ക് ചിത്രമാണ് ‘ആറാടുഗുള ബുള്ളറ്റ്’. വർഷങ്ങളായി റിലീസ് മുടങ്ങിപ്പോയ ചിത്രം കാത്തിരിപ്പിനൊടുവിൽ റിലീസിന് ഒരുങ്ങുകയാണ്. ബി ഗോപാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രകാശ് രാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ ബ്രഹ്മാനന്ദം, കോട്ട ശ്രീനിവാസ റാവു, ജയ പ്രകാശ് റെഡ്ഡി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധേയമാകുകയാണ്.

മണി ശർമ്മയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ജയ ബാലജീ റിയൽ മീഡിയയുടെ ബാനറിൽ തന്ദ്ര രമേശ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബർ 8 ന് റിലീസ് ചെയ്യും. 2012ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ‘ആറാടുഗുള ബുള്ളറ്റ്’. പല കാരണങ്ങൾകൊണ്ട് ചിത്രീകരണം നീളുകയായിരുന്നു. 2017ലാണ് ചിത്രത്തിന്റെ റിലീസ് ഒടുവിൽ പ്രഖ്യാപിച്ചത്.

read More: ചിരി പടർത്തി ആസിഫ് അലിയും രജിഷയും- ശ്രദ്ധനേടി ‘എല്ലാം ശരിയാകും’ ടീസർ

അതേസമയം, മലയാളത്തിൽ ഫഹദ് ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കുന്ന ചിത്രമായ പാട്ടിലാണ് നയൻ‌താര ഇനി വേഷമിടുന്നത്. യുജിഎം എന്റർടെയ്ൻമെന്റ്‌സ് (സക്കറിയ തോമസ് & ആൽവിൻ ആന്റണി) ആണ് നിർമാണം. ഫഹദിനൊപ്പം നയൻ‌താര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പാട്ട്. തമിഴിൽ അണ്ണാത്തെ എന്ന രജനികാന്ത് ചിത്രമാണ് നയൻതാര നായികയായി റിലീസിന് ഒരുങ്ങുന്നത്.

Story highlights- nayanthara starrer aradugula bullet release date announced