‘ഇമ്മിണി ബല്യ ഒന്ന്..’- ഏഴാം വിവാഹവാർഷികത്തിൽ മനോഹര കുടുംബ ചിത്രവുമായി ടൊവിനോ തോമസ്

മക്കൾക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ ടൊവിനോ തോമസ്. ഏഴാം വിവാഹ വാർഷിക ദിനത്തിലും ഈ പതിവ് താരം തെറ്റിച്ചിട്ടില്ല. മനോഹരമായൊരു കുടുംബ ചിത്രമാണ് ടൊവിനോ തോമസ് പങ്കുവെച്ചിരിക്കുന്നത്. ‘ഇമ്മിണി ബല്യ ഒന്ന് !! 7 വർഷത്തെ ഒരുമയുടെ ആഘോഷം..എല്ലാത്തിന്റെയും അവസാനം ഞാൻ തിരികെ ഓടുന്നത് ഇതിലേക്കാണ്. എന്റെ ലിഡിയയ്ക്കും എന്റെ 2 അത്ഭുതകരമായ രത്നങ്ങൾക്കും എന്നന്നേക്കും നന്ദിയുണ്ട്.’- ചിത്രത്തിനൊപ്പം ടൊവിനോ തോമസ് കുറിക്കുന്നു.

രണ്ടു മക്കളാണ് ടൊവിനോ തോമസ്- ലിഡിയ ദമ്പതികൾക്ക്. മകൾ ഇസക്ക് കൂട്ടായി ജൂണിലാണ് തഹാൻ പിറന്നത്.2014ലാണ് ടൊവിനോ തോമസ് ലിഡിയയെ വിവാഹം ചെയ്തത്. മകൾ ഇസയുടെ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

അതേസമയം, വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഒട്ടേറെ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിലാണ് നിർമിക്കുന്നത്. ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. 

Read More: നേർക്കുനേർ വിശാലും ആര്യയും; ഒപ്പം മംമ്ത മോഹൻദാസ്- ‘എനിമി’ ട്രെയ്‌ലർ

ഐശ്വര്യ ലക്ഷ്മിക്കൊപ്പം ടൊവിനോ തോമസ് വേഷമിടുന്ന മനു അശോകൻ ചിത്രം കാണെക്കാണെ ആണ് ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്ക് എത്തിയത്. ടൊവിനോ തോമസും അന്ന ബെന്നും ഒന്നിക്കുന്ന ആഷിഖ് അബു ചിത്രം നാരദൻ, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന വഴക്ക്, തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി സംവിധായാകുന്ന ചിത്രം വരവ് തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Story highlights- tovino thomas family photo