ഭൗതികശാസ്ത്രജ്ഞനാകാൻ മോഹം; 89-ാം വയസില്‍ പിഎച്ച്ഡി നേടി വയോധികൻ

November 13, 2021

സ്വപ്നങ്ങൾക്ക് അതിരില്ല എന്ന് പറയുംപോലെ, അത് നേടിയെടുക്കാനും ഒരു പരിധികളുമില്ല. പ്രായമോ ദൂരമോ ഒന്നും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ തടസ്സമാകാറില്ല. ഇതിന് ഉത്തമ ഉദാഹരണമാണ് അമേരിക്കൻ വംശജനായ 89 കാരന്റെ നേട്ടങ്ങൾ.

89 വയസിൽ പിഎച്ച്ഡി നേടിയതോടെ ഭൗതികശാസ്ത്രജ്ഞനാകാനുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് മാൻഫ്രെഡ് സ്റ്റെയ്നർ. തന്റെ സ്വപ്നത്തിനായി രണ്ട് പതിറ്റാണ്ടാണ് അദ്ദേഹം ചെലവഴിച്ചത്.

റോഡ് ഐലൻഡിലെ ഈസ്റ്റ് പ്രൊവിഡൻസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലാണ് മാൻഫ്രെഡ് അടുത്തിടെ തന്റെ പ്രബന്ധം വിജയകരമായി അവതരിപ്പിച്ചത്. ഒടുവിൽ താൻ അത് നേടിയെടുത്തു എന്നും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒന്നായിരുന്നു ഇതെന്നും പറയുകയാണ് അദ്ദേഹം.

തന്റെ കൗമാരപ്രായത്തിൽ ആൽബർട്ട് ഐൻസ്റ്റീനെയും മാക്സ് പ്ലാങ്കിനെയും കുറിച്ച് വായിച്ചറിഞ്ഞപ്പോഴാണ് സ്റ്റെയ്നർ ഭൗതികശാസ്ത്രജ്ഞനാകാൻ ആഗ്രഹം തോന്നിയത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, അമ്മയും അമ്മാവനും നിർദേശിച്ചതനുസരിച്ച് മെഡിസിൻ പഠിക്കാൻ പോയി. 1955-ൽ വിയന്ന സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം യുഎസിലേക്ക് മാറി.

ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽ ഹെമറ്റോളജിയും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബയോകെമിസ്ട്രിയും പഠിച്ചു സ്റ്റെയ്നർ. പിന്നീട് അദ്ദേഹം ബ്രൗൺ യൂണിവേഴ്സിറ്റിയിൽ ഹെമറ്റോളജിസ്റ്റായി. 1985 മുതൽ 1994 വരെ ബ്രൗണിലെ മെഡിക്കൽ സ്കൂളിലെ ഹെമറ്റോളജി വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം.

2000-ൽ മെഡിസിനിൽ നിന്ന് വിരമിച്ച അദ്ദേഹം റോഡ് ഐലൻഡിലേക്ക് മടങ്ങി. മെഡിക്കൽ ഗവേഷണം മികച്ചതായിരുന്നുവെങ്കിലും അത് സ്റ്റെയ്‌നറുടെ ഭൗതികശാസ്ത്രത്തിലുള്ള താൽപ്പര്യം ഇല്ലാതാക്കിയില്ല.
സ്റ്റെയ്‌നർ 70-ആം വയസ്സിൽ ബ്രൗണിൽ ബിരുദ ക്ലാസുകൾക്ക് പോയി തുടങ്ങി. 2007 ആയപ്പോഴേക്കും പിഎച്ച്‌ഡി പ്രോഗ്രാമിൽ ചേരുന്നതിന് ആവശ്യമായ ക്രെഡിറ്റുകൾ അദ്ദേഹത്തിന് ലഭിച്ചു. അങ്ങനെ അദ്ദേഹം സ്വപ്നം നേടിയെടുത്തു.

Read More: ‘ഫ്ളവേഴ്സ് ഒരു കോടി’ വേദിയിൽ നാദിറ പറഞ്ഞ ആഗ്രഹം സഫലമാകുന്നു; ട്വന്റിഫോറിൽ വാർത്താ അവതാരകയായി ട്രാൻസ്‌പേഴ്‌സൺ നാദിറ

തടസ്സങ്ങൾ നിരുത്സാഹപ്പെടുത്താൻ അനുവദിക്കാതിരുന്നതാണ് ഇദ്ദേഹത്തിന് ഈ പ്രായത്തിലും വിജയം കൈവരിക്കാൻ സാധിച്ചതിന് പിന്നിൽ.

Story highlights- 89-year-old man earns PhD