സേതുരാമയ്യർക്കായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു- സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി

November 29, 2021

മമ്മൂട്ടിയുടെ അന്വേഷണാത്മക ചിത്രങ്ങൾക്ക് എന്നും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഹിറ്റായ ഒരു സിനിമ പരമ്പരയാണ് സി ബി ഐ. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു എന്ന വാർത്ത ഏറെനാളായി ആരാധകർ കേൾക്കുന്നതാണ്. സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കുന്നത് കാത്തിരുന്ന പ്രേക്ഷകർക്ക് ഇതാ സന്തോഷവാർത്ത.

സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കമായി. കെ മധു തന്നെയാണ് അന്നജം വട്ടവും സേതുരാമയ്യർക്ക് ചുക്കാൻ പിടിക്കുന്നത്. സേതുരാമയ്യര്‍ ചലച്ചിത്ര പരമ്പരയിലെ അഞ്ചാം ഭാഗമായിരിക്കും ഈ ചിത്രം. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിബിഐ പരമ്പരയിലെ മറ്റ് നാല് ചിത്രങ്ങള്‍ക്കും സംഗീതമൊരുക്കിയത് ശ്യാം ആണ്.

പ്രേക്ഷകര്‍ക്ക് അപരിചിതമായ ബാസ്‌കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും അന്വേഷണവുമൊക്കെ പ്രമേയമാക്കിയാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ടാണ് എസ് എന്‍ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതും.

Read More: ഉള്ളുതൊട്ട് കരുതൽ നിറഞ്ഞൊരു ഈണം- ശ്രദ്ധനേടി കാവലിലെ ഗാനം

1988-ലാണ് സേതുരാമയ്യര്‍ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയത്. തുടര്‍ന്ന് 1989 ല്‍ ജാഗ്രത എന്ന ചിത്രം തിയേറ്ററുകളിലെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐയും, 2005-ല്‍ നേരറിയാന്‍ സിബിഐയും വെള്ളിത്തിരയിലെത്തി. ഈ ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുമ്പോള്‍ പ്രതീക്ഷയിലാണ് പ്രേക്ഷകരും.

Story highlights- CBI 5 Shooting started