ദിവസങ്ങളോളം നമ്മോടൊപ്പം സഞ്ചരിക്കുന്ന അനുഭവം സമ്മാനിച്ച സിനിമ- ‘കനകം കാമിനി കലഹ’ത്തിന് അഭിനന്ദനവുമായി സംവിധായകൻ രഞ്ജിത്ത്

November 16, 2021

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് നിവിൻ പോളിയും ഗ്രേസ് ആന്റണിയും പ്രധാന വേഷങ്ങളിൽ എത്തിയ കനകം കാമിനി കലഹം. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കുഞ്ഞു കുഞ്ഞു കലഹവും ഒത്തിരി ചിരിയുമായി എത്തിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ മാത്രമല്ല, സിനിമാമേഖലയിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, കനകം കാമിനി കലഹം കണ്ട് അഭിപ്രായവും അഭിനന്ദനവും പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത്.

ആദ്യചിത്രം കൊണ്ടുതന്നെ കേരളത്തിനകത്തും പുറത്തുമുള്ള പ്രേക്ഷകരുടെ സ്വീകാര്യത നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാളെന്നു പറയുകയാണ് അദ്ദേഹം. കനകം കാമിനി കലഹം കാണാൻ ഇനിയും വൈകുമായിരുന്നു എന്നും തന്റെ ഇളയ മകന്റെ നിർദേശപ്രകാരം ചിത്രം കാണുകയായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു.

സിനിമ ദിവസങ്ങളോളം നമ്മോടൊപ്പം സഞ്ചരിക്കുന്ന അനുഭവം കനകം കാമിനി കലഹം സമ്മാനിച്ചു എന്നാണ് രഞ്ജിത്ത് പറയുന്നത്. ഇതിനോടകം മലയാളി പ്രേക്ഷകർ സ്വീകരിച്ച ഒരു സിനിമയെക്കുറിച്ചാണ് പറയുന്നതെങ്കിലും ഇത് പറയാതിരിക്കാൻ വയ്യ എന്നും രഞ്ജിത്ത് അഭിപ്രായപ്പെടുന്നു.

‘രതീഷിനെപോലെയുള്ള പുതിയ തലമുറയിലെ ചെറുപ്പക്കാരുടെ ഇത്തരം വ്യത്യസ്തങ്ങളായ, ആത്മാർത്ഥമായ ശ്രമങ്ങൾ കണ്ടില്ലെന്നു നടിക്കാൻ വയ്യ, കണ്ടതിനെ അനുമോദിക്കാതിരിക്കാനും വയ്യ. എനിക്കൊരു ആന്റൺ ചെക്കോവ് നാടകങ്ങളാണ് കണ്ടപ്പോൾ ഓർമ്മ വന്നത്. അഭിനയിച്ച എല്ലാവരും തന്നെ മികച്ച പ്രകടനം സിനിമയിൽ നടത്തി. ഓരോരുത്തരും ആ കഥാപത്രങ്ങളായി മാറി’- രഞ്ജിത്തിന്റെ വാക്കുകൾ.

നിവിൻ പോളിയുടെ അഭിനയം കൗതുകം ഉണർത്തിയെന്ന് സംവിധായകൻ അഭിപ്രായപ്പെടുന്നു. എല്ലാവര്ക്കും അനുമോദനങ്ങൾ അറിയിച്ചുകൊണ്ടാണ് രഞ്ജിത്ത് വാക്കുകൾ അവസാനിപ്പിച്ചത്.

Read More: കപ്പലണ്ടി കച്ചവടം നടത്തി സമ്പാദിച്ച പണം കവർച്ചചെയ്യപ്പെട്ടു; 90 കാരന് സഹായവുമായി ഐപിഎസ് ഉദ്യോഗസ്ഥൻ

ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിൻറെ റിലീസ്. രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രിമിയറായെത്തിയ ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിനുണ്ട്.

Story highlights- director renjith about kanakam kamini kalaham