ട്വന്റിഫോറിൽ വാർത്താ അവതാരകയായി എത്തുന്ന ട്രാൻസ്‌പേഴ്‌സൺ നാദിറ മെഹറിന് പൊരുതി നേടിയ വിജയങ്ങളുടെ കഥപറയാനുണ്ട്

പുരുഷൻ, സ്ത്രീ എന്നുമാത്രമുള്ള ലിംഗ വിശേഷണങ്ങൾക്കപ്പുറം ട്രാൻസ്‌പേഴ്‌സൺ എന്ന വിഭാഗത്തെ സമൂഹം അംഗീകരിച്ച് തുടങ്ങിയത് മനുഷ്യത്വപരമായ വലിയൊരു മുന്നേറ്റത്തിന്റെ സൂചനയാണ്. മുൻപ്, അവഗണനകളും ആട്ടിപ്പായിക്കലുകളും മാത്രം അനുഭവിച്ചിരുന്ന ട്രാൻസ് ജൻഡർ കമ്മ്യൂണിറ്റി ഇന്ന് അവർക്ക് അർഹമായ സ്ഥാനങ്ങൾ നേടിയെടുക്കുന്നതിന്റെയും അഭിമാനകരമായ വിജയങ്ങൾ കൈവരിക്കുന്നതിന്റെയും പാത യിലാണ്. ഇപ്പോഴിതാ, ട്രാൻസ് ജൻഡർ വിഭാഗത്തിന് എന്നെന്നും അഭിമാനിക്കാൻ തക്കവണ്ണമുള്ള ഒരു ചരിത്ര നിമിഷം പിറക്കാനൊരുങ്ങുകയാണ് കേരളത്തിന്റെ ഹൃദയത്തുടിപ്പായി മാറിയ ട്വന്റിഫോറിലൂടെ.

ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ തന്റെ ചിരകാല അഭിലാഷം തുറന്നു പറഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു ട്രാൻസ് പേഴ്സണായ നാദിറ മെഹറിൻ. ട്വന്റിഫോറിൽ ചാനലിൽ ഒരിക്കലെങ്കിലും വാർത്ത വായിക്കണം എന്നതായിരുന്നു നാദിറയുടെ സ്വപ്നം. അതൊരു സ്വപ്നമായി ഇനി അവശേഷിക്കുന്നില്ല. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നാദിറ 24 ന്യൂസ് ചാനലിൽ വാർത്ത വായിക്കാനുള്ള ഒരുക്കത്തിലാണ്. വെള്ളിയാഴ്ച വൈകിട്ട് 3.00 മണിക്ക് പ്രാദേശിക വാർത്ത വായിച്ചുകൊണ്ട് ചരിത്ര നിമിഷത്തേക്ക് ചുവടുവയ്ക്കുകയാണ് നാദിറ. ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ ആർ ശ്രീകണ്ഠൻ നായർ നാദിറയ്ക്ക് നൽകിയ വാക്ക് സഫലമാകുമ്പോൾ ചടുലമായ ഭാഷയിൽ ആത്മവിശ്വാസത്തോടെ സംസാരിച്ച് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയ നാദിറ മെഹറിൻ ആരാണെന്ന് അടുത്തറിയേണ്ടതുണ്ട്. സമൂഹത്തെ ഭയന്ന് സ്വന്തം വ്യക്തിത്വം മറച്ചുവയ്‌ക്കേണ്ടി വരുന്ന പലർക്കും നാദിറയുടെ ജീവിതം ഒരു പ്രചോദനമാണ്.

പതിനേഴാം വയസിൽ തന്റെ സ്വത്വം തിരിച്ചറിഞ്ഞ് വീടുവിട്ടിറങ്ങിയതാണ് നാദിറ. പിന്നീട് അങ്ങോട്ട് നാദിറ മെഹറിൻ എന്ന പേരിൽ നേട്ടങ്ങളുടെ അനന്തമായ പാത നാദിറയ്ക്ക് മുന്നിൽ തുറക്കപ്പെട്ടു. മാറ്റിനിർത്തപ്പെട്ട സ്‌കൂൾ കാലത്തിന്റെ കയ്പ്പേറിയ ഓര്മകളുണ്ടെങ്കിലും പഠനത്തിൽ നാദിറ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ജേണലിസത്തിൽ ഡിഗ്രി പൂർത്തിയാക്കി പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നാദിറ സ്വന്തമാക്കി. ഇപ്പോൾ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ പ്രതിഭ. വ്യക്തമായ രാഷ്ട്രീയ നിലപാടുകളുള്ള നാദിറ എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഇന്ത്യയിൽ തന്നെ ഒരു രാഷ്ട്രീയ പാർട്ടി ട്രാൻസ്‌ജെൻഡറായ വ്യക്തിയെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നത് ആദ്യമാണ്. സെക്ഷ്വൽ ജെൻഡർ മൈനോരിറ്റിയെ കുറിച്ച് ക്ലാസുകളെടുക്കാറുള്ള നാദിറ കേരള സർക്കാരിന്റെ റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.

ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലെ അംഗമായ നാദിറ ചെറുപ്പം മുതൽ തന്നെ സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ കുടുംബത്തിന് തന്റെ മാറ്റം അംഗീകരിക്കാം സാധിക്കില്ല എന്ന ഉറപ്പായ ബോധ്യം ഉണ്ടായിരുന്ന നാദിറ അങ്ങനെയാണ് പതിനേഴാം വയസിൽ വീടുവിട്ടിറങ്ങിയത്. അച്ഛൻ, അമ്മ, അനിയത്തി, ചേച്ചി എന്നിവരടങ്ങുന്ന കുടുംബവുമായി ഇന്നും ഫോണിൽ ബന്ധമുണ്ടെങ്കിലും സ്വത്വം വെളിപ്പെടുത്തിയതിന് ശേഷം വീട്ടിലേക്ക് പോയിട്ടില്ല നാദിറ. കുടുംബത്തിന് ഇപ്പോഴും അംഗീകരിക്കാനായിട്ടില്ല എന്ന യാഥാർഥ്യവുമായി നാദിറ പൊരുത്തപ്പെട്ടുകഴിഞ്ഞു.

വേദനയുടെ സ്‌കൂൾകാലം പങ്കുവയ്ക്കുമ്പോൾ ഇന്നും നാദിറയുടെ ശബ്ദമിടറും. പെൺകുട്ടികളെ പോലെ ഒരുങ്ങാൻ ഇഷ്ടപ്പെട്ടിരുന്ന നാദിറയ്ക്ക് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സഹപാഠികളിൽ നിന്നും ക്രൂരമായ ശാരീരിക ആക്രമണം നേരിടേണ്ടി വന്നിരുന്നു. എന്നാൽ പരാതിപ്പെട്ടപ്പോൾ അധ്യാപകരുടെ ഭാഗത്ത് നിന്നും വളരെ ഞെട്ടിക്കുന്ന പ്രതികരണമാണ് ഉണ്ടായത്. ആണ്കുട്ടിയായി നടക്കാഞ്ഞിട്ടല്ലേ എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. അധ്യാപകർ മാത്രമല്ല, കുറച്ചുകാലം മുൻപ് വരെ കേരളത്തിലെ പലരുടെയും മനോഭാവം ഇങ്ങനെയായിരുന്നു. പലപ്പോഴും സ്‌കൂളിൽ പോലും പോകാതെയാണ് പഠനം പൂർത്തിയാക്കിയത്. എന്നാൽ, അഞ്ചു വർഷം മുൻപുള്ള കേരളമല്ല ഇന്ന് എന്ന് നാദിറ മെഹറിൻ പറയുന്നു. ‘ഇവിടെ ഇന്ന് ജീവിക്കാൻ അവസരമുണ്ട്. ഞങ്ങളുടെ അവകാശങ്ങളെ കുറിച്ച് ചോദിക്കാൻ നമുക്ക് തന്നെ ആത്മവിശ്വാസമുണ്ട്’. ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ നാദിറ പറഞ്ഞ വാക്കുകൾ.

Read Also: ‘ഫ്ളവേഴ്സ് ഒരു കോടി’ വേദിയിൽ നാദിറ പറഞ്ഞ ആഗ്രഹം സഫലമാകുന്നു; ട്വന്റിഫോറിൽ വാർത്താ അവതാരകയായി ട്രാൻസ്‌പേഴ്‌സ്ൺ നാദിറ

ഒട്ടേറെ ജീവിതാനുഭവങ്ങൾ കഴിഞ്ഞ 22 വർഷങ്ങൾകൊണ്ട് അടുത്തറിഞ്ഞു കഴിഞ്ഞു നാദിറ മെഹറിൻ. പേരിന്റെ അർത്ഥം പോലെ തന്നെ അസാധാരണമാണ് ഈ പ്രതിഭയുടെ ജീവിതവഴികളും. ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ മത്സരാർത്ഥിയായ എത്തിയപ്പോൾ എല്ലാവരും ശ്രദ്ധിച്ചത് അതിമനോഹരമായി ഒഴുക്കോടെ സംസാരിക്കാനുള്ള നാദിറയുടെ കഴിവാണ്. വേദിയിൽ അഭിനന്ദിക്കപ്പെട്ടതും ആ സംസാരരീതിയാണ്. 24 ന്യൂസിന്റെ പ്രാദേശിക വാർത്തയുടെ മുഖമായി നാദിറ എത്തുമ്പോൾ ആ സ്വപ്നവും സാക്ഷാത്കരിക്കപ്പെടുകയാണ്.

Story highlights- flowers orukodi contestant nadira mehrin lifestory