മരക്കാറിൽ ആർച്ചയായി കീർത്തി- ശ്രദ്ധനേടി ക്യാരക്ടർ പോസ്റ്റർ

തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് നടി.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഡിസംബർ 2ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രത്തിലെ കീർത്തി സുരേഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ആർച്ച എന്ന കഥാപാത്രമായാണ് കീർത്തി സുരേഷ് എത്തുന്നത്. മലയാള സിനിമയിൽ ചരിത്രം സൃഷ്‌ടിക്കാനൊരുങ്ങുന്ന ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. രണ്ടുവർഷത്തോളമാകുന്നു ചിത്രത്തിനായുള്ള കാത്തിരിപ്പ് ആരംഭിച്ചിട്ട്. തിയേറ്റർ റിലീസിനായാണ് ഇത്രയും സമയം കാത്തിരിപ്പ് നീണ്ടത്. 

മുൻപ്, നിരവധി തവണ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നു. ഒടുവിലാണ് മെയ് 13 നിശ്ചയിച്ചത്. എന്നാൽ, കേരളത്തിൽ കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ റിലീസ് മാറ്റാൻ അണിയറപ്രവർത്തകർ നിർബന്ധിതരാകുകയായിരുന്നു.

മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ്. മാത്രമല്ല, മികച്ച ചിത്രമുൾപ്പടെ മൂന്നു ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.

read More: ‘കാർമേഘം മൂടുന്നു…’ ചിത്രയുടെ ആലാപന മാധുര്യത്തിൽ ‘കാവലി’ലെ ഗാനം

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Story highlights- keerthy suresh as archa in marakkar arabikkadalinte simham