നിങ്ങൾ കടന്നുപോകുന്നത് അതികഠിനമായ യാത്രയിലൂടെയാകാം, എങ്കിലും; ഹൃദയംതൊട്ട് താരത്തിന്റെ കുറിപ്പ്

മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് മനീഷ കൊയ്‌രാള. താരത്തെ ബാധിച്ച രോഗത്തെക്കുറിച്ചുള്ള വാർത്തകൾ വളരെ വേദനയോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ അർബുദത്തെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ചതാണ് മനീഷ. തനിക്ക് ബാധിച്ച രോഗത്തെക്കുറിച്ചും രോഗത്തെ നേരിട്ടതിനെക്കുറിച്ചുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുകയാണ് താരം പങ്കുവെച്ച കുറിപ്പ്.

ദേശീയ അർബുദ ബോധവത്കരണത്തോടനുബന്ധിച്ചാണ് മനീഷ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അർബുദ ചികിത്സയിലൂടെ കടന്നുപോകുന്നവർക്ക് ഒരുപാട് സ്നേഹവും വിജയവും നേർന്നുകൊണ്ടാണ് മനീഷ പങ്കുവെച്ച കുറിപ്പ്. ‘ഈ യാത്ര അതികഠിനമാണ് എന്നറിയാം. എന്നാൽ നിങ്ങൾ ഇതിനേക്കാൾ കരുത്തരാണ്. അർബുദത്തിന് മുന്നിൽ കീഴടങ്ങിയവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം രോഗത്തെ അതിജീവിച്ചവർക്കൊപ്പം അവരുടെ ആഘോഷത്തിൽ പങ്കുചേരാനും ഞാൻ ആഗ്രഹിക്കുന്നു.’

‘കാൻസറിനെ അതിജീവിച്ച പ്രതീക്ഷയുടെ മനോഹരമായ കഥകൾ പറഞ്ഞുകൊണ്ട് നമുക്ക് ബോധവത്‌കരണം നടത്താം. പ്രതീക്ഷകൾ നിറച്ച ഒരുപാട് കഥകൾ ഇനിയും പറയാം. അവനോടും ലോകത്തോടും അനുകമ്പയുള്ളവരാകാം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിലും വേണ്ടി പ്രാർത്ഥിക്കുന്നു’ എന്നും മനീഷ കുറിച്ചു. ആശുപത്രിയിൽ കിടക്കുന്നതുൾപ്പെടെ രണ്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മനീഷ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്.

Read also: യവനസുന്ദരി… പാട്ട് വേദിയുടെ ഹൃദയം കവർന്ന് ഒരു കൊച്ചുമിടുക്കി, ക്യൂട്ട് വിഡിയോ

2012 ലാണ് മനീഷയ്ക്ക് അണ്ഡാശയ കാൻസർ ആണെന്ന് സ്ഥിരീകരിച്ചത്. രോഗം പൂർണമായും ഭേദമായ താരം മറ്റുള്ളവർക്ക് പ്രചോദനമാകുന്ന കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Story highlights: manisha koirala post about cancer