‘ആഹാ’യിൽ ഇന്ദ്രജിത്തിനൊപ്പം തിളങ്ങി അനൂപ് പന്തളം- ആശംസയുമായി മുകേഷ്

മലയാളികളുടെ പ്രിയതാരം ഇന്ദ്രജിത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ആഹാ’. വടംവലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’. തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇന്ദ്രജിത്തിനൊപ്പം ഒട്ടേറെ താരങ്ങളും പ്രൊഫഷണൽ വടംവലിക്കാരും അണിനിരക്കുന്ന ചിത്രത്തിൽ ഗുലുമാൽ എന്ന ടിവി ഷോയിലൂടെ പ്രസിദ്ധനായ അനൂപ് പന്തളവും പ്രധാനപ്പെട്ടൊരു വേഷം അവതരിപ്പിച്ചിരിക്കുന്നു.

മികച്ച അഭിപ്രായങ്ങൾ നേടിയ അനൂപ് പന്തളത്തിന്റെ കഥാപാത്രത്തിന് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് നടനും എം എൽ എയുമായ മുകേഷ്. ആഹായുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് മുകേഷ് അനൂപിന് ആശംസ അറിയിച്ചിരിക്കുന്നത്. ‘പ്രിയ ഇന്ദ്രജിത്ത്‌ നായകനായ ആഹാ എന്ന സിനിമയിൽ ഗുലുമാൽ എന്ന പ്രോഗ്രാമിലൂടെ നമുക്കെല്ലാവർക്കും പ്രീയങ്കരനായ എന്റെ സഹോദര തുല്ല്യനായ അനൂപ്‌ പന്തളവും ഒരു നല്ല ക്യാരക്ടർ അഭിനയിച്ചിട്ടുണ്ട്‌ ” ..ആഹാ..” സിനിമക്കും അണിയറ ശിൽപികൾക്കും എല്ലാ ആശംസകളും നേരുന്നു’- മുകേഷിന്റെ വാക്കുകൾ.

അതേസമയം, വടംവലി പ്രമേയത്തിൽ ഒരുങ്ങിയ ചിത്രം പറയുന്നത് കേരളത്തിലെതന്നെ ഏറെ പ്രശസ്തമായ വടംവലി ടീമായ കോട്ടയം നീലൂരിലെ ‘ആഹാ’ ടീമിനെ കുറിച്ചാണ്. പ്രേം എബ്രഹാമാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധായകന്‍ ബിബിന്‍ പോള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ നായികയായെത്തുന്നത്. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മനോജ് കെ ജയന്‍, മേഘ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Read More: 120 കിലോമീറ്റർ സൈക്കിൾ ചവിട്ടി ഡിജിറ്റൽ മാപ്പിൽ മുഖം വരച്ച് ആന്റണി- ലോകശ്രദ്ധനേടിയ ജിപിഎസ് ആർട്ട് 

അതേസമയം, അഭിനയത്തിനൊപ്പം സംവിധാനത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ് അനൂപ് പന്തളം. ഉണ്ണി മുകുന്ദനെ നായകനാക്കിയാണ് ആദ്യ ചിത്രം അനൂപ് പന്തളം ഒരുക്കുന്നത്. ‘ഷെഫീക്കിന്റെ സന്തോഷം’ എന്നാണ് ചിത്രത്തിന്റെ പേര്. അനൂപ് ആദ്യമായി എഴുതി സംവിധാനം ചെയുന്ന ഈ സിനിമ നിർമിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസും ബാദുഷയും ചേർന്നാണ്.

Story highlights- Mukesh praises Anoop panthlam’s performance in Aaha movie