‘താത്വികമായ ഒരു അവലോനമാണ് ഞാൻ ഉദ്ദേശിക്കുന്നത്’- ട്രെൻഡിങ്ങിൽ ഇടംനേടി ജോജു ജോർജ് ചിത്രത്തിന്റെ ടീസർ

താത്വികമായ ഒരു അവലോനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്… ശങ്കരാടിയുടെ ഈ ഡയലോഗ് ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. സന്ദേശം എന്ന സിനിമ തിയേറ്ററുകളിലെത്തിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും വിട്ടകന്നിട്ടില്ല സിനിമയുടെ ഓര്‍മ്മകള്‍. ശങ്കരാടിയുടെ ഡയലോഗിലെ ‘ഒരു താത്വിക അവലോകനം’ എന്ന വാക്കും ഹിറ്റായി. ഈ പേരില്‍ ഒരു സിനിമയൊരുങ്ങുന്നു എന്നറിഞ്ഞതുമുതൽ ഏറെ ആവേശത്തിലാണ് സിനിമ പ്രേമികൾ.

നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് താത്വിക അവലോകനം. ചിത്രത്തില്‍ ജോജു ജോര്‍ജ്, നിരഞ്ജന്‍ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന്‍ നിര്‍മിക്കുന്ന ചിത്രം മാക്സ് ലാബ് ആണ് വിതരണത്തിന് എത്തിക്കുന്നത്. ഇപ്പോഴിതാ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ചിത്രത്തിന്റെ ടീസർ. സത്യം ജയിക്കും, സത്യമേ ജയിക്കൂ എന്ന ടാഗ്‌ലൈനോടെയാണ് ടീസർ എത്തുന്നത്.

Read also: കാറ്റത്തൊരു മൺകൂട്..കൂട്ടിനൊരു വെൺപ്രാവ്; ഹൃദയം കവർന്ന് ജയസൂര്യയും മഞ്ജു വാര്യരും, ശ്രദ്ധനേടി ഗാനം

പി.എസ്.സി പരീക്ഷ എഴുതാൻ പോകുന്ന ഒരു ചെറുപ്പക്കാരന്റെയും ഒരു കോണ്ട്രാക്ടറുടെയും ജീവതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ സമീപകാല രാഷ്ട്രീയവുമായി ബന്ധപ്പെടുത്തുകയാണ് ഒരു താത്വിക അവലോകനം. ജോജു ജോർജാണ് ചിത്രത്തിൽ കോണ്ട്രാക്ടറെ അവതരിപ്പിക്കുന്നത്. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന കാര്യമാണ് സന്ദേശം എന്ന ചിത്രം പറഞ്ഞുവയ്ക്കുന്നത്. 1991 -ലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രം തിയേറ്ററിൽ എത്തി മുപ്പത് വർഷം പിന്നിടുമ്പോൾ ആ ചിത്രത്തിലെ ഒരു ഡയലോഗ് സിനിമയാകുന്നതിന്റെ സന്തോഷത്തിലാണ് സിനിമ പ്രേമികൾ.

Story highlights: Oru Thathwika Avalokanam Teaser