കാറ്റത്തൊരു മൺകൂട്..കൂട്ടിനൊരു വെൺപ്രാവ്; ഹൃദയം കവർന്ന് ജയസൂര്യയും മഞ്ജു വാര്യരും, ശ്രദ്ധനേടി ഗാനം

November 8, 2021

മലയാളികളുടെ പ്രിയതാരങ്ങളായ ജയസൂര്യയും മഞ്ജു വാര്യരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേരി ആവാസ് സുനോ’. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമാണ് ഏറെ ശ്രദ്ധനേടുന്നത്. കാറ്റത്തൊരു മൺകൂട്….കൂട്ടിന്നൊരു വെൺപ്രാവ് എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണമിട്ട ഗാനം, ആലപിച്ചിരിക്കുന്നത് ജിതിൻ രാജ് ആണ്. ബി.കെ.ഹരിനാരായണന്‍റേത് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്.

മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. മഞ്ജു വാര്യർക്കും ജയസൂര്യയ്ക്കും പുറമെ ശിവദയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ജോണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും
ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്.

Read also; മാതാപിതാക്കളെ കണ്ടെത്താനുള്ള യാത്രക്കിടെ ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ; പിറന്നാൾ മധുരം സഹോദരിക്കൊപ്പം ഒരുക്കിയതിന്റെ സന്തോഷത്തിൽ വിനയ്, സ്നേഹം നിറച്ചൊരു വിഡിയോ

ജയസൂര്യയെ നായകനാക്കി വെള്ളം എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് പ്രജേഷ് സെൻ. വെള്ളം മുരളിയെ ഹിറ്റാക്കിയ സംവിധായകനും ജയസൂര്യയും വീണ്ടും ഒന്നിക്കുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകരും. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ.

Story highlights ; Jayasurya, Manju Warrier Meri Awas Suno song